ന്യൂഡൽഹി:ഇന്ത്യയുടെ നീറ്റലായി തുടരുന്ന ജമ്മു കാശ്‌മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370, 35 എ വകുപ്പുകളിലേക്ക് ഒരു എത്തിനോട്ടം. രണ്ട് വകുപ്പുകളും ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ആർട്ടിക്കിൾ 35 എ
ജമ്മുകാശ്‌മീരിലെ സ്ഥിരതാമസക്കാരെ നിശ്ചയിക്കാൻ സംസ്ഥാന നിയമസഭയ്‌ക്ക് പൂർണസ്വാതന്ത്ര്യം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്
സ്ഥിരതാമസക്കാർക്ക് സർക്കാർ ജോലിയും സ്‌കോളർഷിപ്പുകളും ക്ഷേമ ആനുകൂല്യങ്ങളും നേടാനും സംസ്ഥാനത്ത് സ്വത്ത് വാങ്ങാനും പ്രത്യേക അവകാശങ്ങൾ നൽകാനുള്ള അധികാരവും നിയമസഭയ്‌ക്കുണ്ട്
ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ല
1954ൽ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആർട്ടിക്കിൾ 35 എ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയിൽ മാറ്റം വരുത്താൻ രാഷ്‌ട്രപതിക്ക് അധികാരം നൽകുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്
ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാർലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം
പാർലമെന്റിനെ മറികടന്നുള്ള ഉത്തരവിൽ പ്രസിഡന്റ് അധികാര പരിധി ലംഘിച്ചോ എന്ന ചോദ്യമുണ്ട്
നെഹ്രു ഗവൺമെന്റ് 35 എ വകുപ്പ് പാർലമെന്റിൽ അവതരിപ്പിച്ചില്ല. അതുകൊണ്ടു തന്നെ ആ വകുപ്പ് സാധുവാണോ എന്നും ചോദ്യമുണ്ട്
1961ലെ ഒരു കേസിൽ ആർട്ടിക്കിൾ 370 പ്രകാരം ഭരണഘടനയിലെ നിലവിലുള്ള വ്യവസ്ഥ ഭേദഗതി ചെയ്യാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ട്
പാർലമെന്റിന്റെ അനുമതി ഇല്ലാതെ ഒരു പുതിയ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്താൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ടോ എന്നതിനെ പറ്റി വിധി നിശബ്ദമാണ്.
എതിർവാദങ്ങൾ
35 എ വകുപ്പ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് ജമ്മുകാശ്‌മീരിൽ സർക്കാർ ജോലി ചെയ്യാനോ സ്വത്ത് വാങ്ങാനോ അവകാശമില്ല
കാശ്‌മീരിൽ സ്ഥിരതാമസ സർട്ടിഫിക്കറ്റ് ഇല്ലാത്ത യുവാവിനെ വിവാഹം ചെയ്യുന്ന കാശ്‌മീരി യുവതിക്ക് സ്വത്തവകാശമുണ്ടാവില്ല.
അവരുടെ കുട്ടികൾ നിയമവിരുദ്ധ പൗരന്മാരാണ്. അവർക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റും നൽകില്ല
ഇതെല്ലാം ഇന്ത്യയുടെ ഏകത്വ സങ്കൽപ്പത്തിനും ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങൾക്കും വിരുദ്ധമാണ്
ആർട്ടിക്കിൾ 370
ജമ്മുകാശ്‌മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന താൽകാലിക വ്യവസ്ഥ
മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല.
ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്
പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷൻസ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരിൽ ബാധകമാക്കാൻ ഇന്ത്യൻ പാർലമെന്റിന് സംസ്ഥാന ഗവൺമെന്റിന്റെ അനുമതി വേണം
പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്
ഭരണഘടനയിലെ 360ാം വകുപ്പ് പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ കാശ്‌മീരിൽ ഏർപ്പെടുത്താൻ 370ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല
യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാൽ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ
ആഭ്യന്തര സംഘർഷമുണ്ടായാലും സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല