prithviraj

സോഷ്യൽ മീഡിയയിൽ വളരെ ആക്‌ടീവാണ് നടൻ പൃഥ്വിരാജ്. പക്ഷേ ആരാധകർക്കടക്കം താരത്തോട് ഒരു പരാതിയേയുള്ളൂ. കടിച്ചാൽ പൊട്ടാത്ത ഇംഗ്ളീഷ്. സിനിമയുമായി ബന്ധപ്പെട്ടായാലും അതല്ല ഇനി മറ്റെന്തെങ്കിലും സാമൂഹിക പ്രതിബദ്ധതയാർന്ന വിഷയമായാലും ശരി പൃഥ്വിയുടെ ഇംഗ്ളീഷ് മനസിലാക്കണമെങ്കിൽ ഓക്‌സ്ഫർഡ് ഡിക്ഷ്‌ണറി കൂടിയേ തീരൂ എന്നാണ് ആരാധകരുടെ വശം. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും താരത്തിനെ തേടി എത്താറുണ്ട്.

ഇപ്പോഴിതാ ഇംഗ്ളീഷിനെ കുറിച്ചല്ലെങ്കിലും പൃഥ്വിയുടെ ആരാധകന്റെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നുണ്ട്. തായ്‌ലന്റിലെ ദ്വീപായ കോ സമുയിൽ അവധി ആഘോഷിച്ചുകൊണ്ട് പൃഥ്വി പങ്കുവച്ച ഒരു ചിത്രമാണ് താരം. വെള്ളത്തിൽ നിന്ന് മുങ്ങി നിവർന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ഇതിന് 'താനിവിടെ നീന്തിക്കളിച്ചോണ്ടിരുന്നോ കല്യാൺ സിൽക്‌സിൽ ആടി സെയിൽ തുടങ്ങി ഇപ്പോ വാങ്ങിയാൽ ഇരട്ടി വാങ്ങാം' എന്ന രസകരമായ കമന്റാണ് ഒരു വിരുതൻ കുറിച്ചിരിക്കുന്നത്. കല്യാൺ സിൽക്‌സിന്റെ ബ്രാൻഡ് അംബാസിഡറാണ് പൃഥ്വി. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യ ചിത്രത്തെ ഉദ്ദരിച്ചുകൊണ്ടാണ് കമന്റ്.