തിരുവനന്തപുരം : തലസ്ഥാനത്തെ പ്രശസ്തമായ ക്രിസ്തീയ ദേവാലയമായ വെട്ടുകാട് പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വീട്ടമ്മയുടെ മുപ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പൂജപ്പുര സ്വദേശിനിയായ നിർമലയുടെ ബാഗിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടമായത്. പ്രവാസിയായ ഇവർ പള്ളിയിലേക്ക് വരും വഴി അമ്പലത്തറയിലെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവർ സ്വർണവും വജ്രമാലയും എടുത്ത് ബാഗിൽ വച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുകയായിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച പൊലീസ് ഒരു യുവതി നിർമലയെ വിടാതെ പിന്തുടരുന്നത് കണ്ടെത്തിയിട്ടുണ്ട്. പ്രാർത്ഥന സമയത്ത് നിർമലയുടെ സമീപത്തെത്തിയ യുവതിയുടെ കൈ ബാഗിലേക്ക് നീളുന്നതും ദൃശ്യത്തിലുണ്ട്. തുടർന്ന് പള്ളിയിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങിയ യുവതി ഒരു ബസിൽ കയറി പോകുന്നതും കാണാം. പൊലീസ് അന്വേഷിച്ചുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്ന് യുവതിയുടെ ചിത്രം പുറത്ത് വിടുകയായിരുന്നു. വലിയതുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.