തൃശൂർ : നരേന്ദ്രമോദിയുടെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി . ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും മുസ്ലീങ്ങളും തമ്മിലുള്ള അകൽച്ച രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിശബ്ദമായ ക്ഷേമ പദ്ധതികളാണ് മോദിയുടെ രണ്ടാം വിജയത്തിന്റെ രഹസ്യം. മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി.കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ്. അവർ കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കുകയാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതിമോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി ജോർജ്ജ്, അഡ്വ. കെ.കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു.