ശ്രീനഗർ: അമർനാഥ് തീർത്ഥാടന പാതയിൽ പാക് ഭീകരരുടെ ആക്രമണ പദ്ധതി വെളിപ്പെട്ടതിനെ തുടർന്ന് കാശ്‌മീരിൽ നിന്ന് എത്രയും വേഗം മടങ്ങാനുള്ള സർക്കാർ ഉത്തരവിനു പിന്നാലെ, താഴ്‌വരയിൽ നിന്ന് കൂട്ടപ്പലായനം തുടങ്ങി. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളും തീർത്ഥാടകരും കൂട്ടത്തോടെ സ്ഥലം വിടുകയാണ്. ഒഴിഞ്ഞുപോകുന്നവരുടെ വാഹനത്തിരക്കാണ് റോഡുകളിൽ. നാളെ വൈകും വരെ ശ്രീനഗറിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഒരു സീറ്റുപോലും ഒഴിവില്ല.
തിരക്ക് വർദ്ധിച്ചതോടെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരട്ടപ്രഹരമായി. ശ്രീനഗർ- ഡൽഹി ടിക്കറ്റ് നിരക്ക് 15,500 രൂപയിൽ നിന്ന് 21,000 രൂപയായും മുംബയ് നിരക്ക് 16,700 ൽ നിന്ന് 25,000 ആയും ഉയർന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നീ വിമാന കമ്പനികൾ ജമ്മു കാശ്‌മീരിലേക്കും തിരിച്ചുമുള്ള ഫ്‌ളൈറ്റുകളുടെ കാൻസലേഷൻ ചാർജും റീഷെഡ്യൂൾ ചാർജും താൽക്കാലികമായി വേണ്ടെന്നു വച്ചിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് കാശ്‌മീർ യാത്ര ഒഴിവാക്കാൻ ബ്രിട്ടീഷ്, ജർമ്മൻ ഗവൺമെന്റുകൾ നിർദ്ദേശം നൽകി.
കാശ്‌മീരിലെങ്ങും പെട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും മെഡിക്കൽ സ്റ്റോറുകളിലും വലിയ തിരക്കാണ്. ആശങ്ക കനത്തതോടെ സാധനങ്ങൾ സംഭരിക്കാനുള്ള തിരക്കാണ് കടകളിൽ.
അതേസമയം, ഭരണഘടനാനുസൃതമായി കാശ്‌മീരിന് നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ
റദ്ദാക്കില്ലെന്ന് ഗവർണർ സത്യപാൽ മാലിക് ഉറപ്പു നൽകിയെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു.