തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീർ കാറിടിച്ച് മരണപ്പെട്ട സംഭവത്തിൽ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വാഹനമോടിക്കൽ, മനപൂർവമായ നരഹത്യ തുടങ്ങിയ അധിക വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രമല്ല 30 ദിവസം ജയിൽ വാസം അനുഭവിച്ചതിനു ശേഷം മാത്രമേ ശ്രീറാമിന് ജാമ്യം ലഭിക്കുകയുള്ളൂ. അറസ്‌റ്റ് രേഖപ്പെടുത്തി കഴിഞ്ഞ സ്ഥിതിയ്‌ക്ക് ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് സാധ്യത.
ഇന്ന് പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നിൽ അതേദിശയിൽ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേർന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാർ നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ശ്രീറാമാണ് കാർ ഓടിച്ചിരുന്നതെന്നും, മദ്യലഹരിയിലായിരുന്ന ഇയാൾ കാർ അമിത വേഗത്തിലാണ് ഓടിച്ചതെന്നും ദൃക്‌സാക്ഷികൾ രാവിലെ തന്നെ മൊഴി നൽകിയിരുന്നുവെങ്കിലും പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടർന്ന് മാദ്ധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കർശന വകുപ്പുകൾ ചുമത്താൻ പൊലീസ് നിർബന്ധിതമായത്.
വാഹനമോടിക്കമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിരുന്നു. ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കവടിയാർ മുതൽ വാഹനം ഓടിച്ചത് ശ്രീറാമാണെന്നും യുവതി മൊഴി നൽകി.