k-m-basheer-accedent

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ബോദ്ധ്യപ്പെട്ടിട്ടും, കേസിൽ നിന്ന് രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് മണിക്കൂറുകളോളം ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാതിരുന്നെന്ന പരായിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇതേക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണറും അന്വേിക്കണം. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നി‌ർദ്ദേശം.

ഐ.എ.എസ് ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിൽ പറയുന്നു. മ്യൂസിയം പൊലീസിന്റെ ഇടപെടലിലൂടെ ഉന്നതോദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്ലബുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മദ്യപിച്ചു ലക്കുകെട്ട് രാത്രികാലങ്ങളിൽ കാറോടിക്കുന്നവരെ തടഞ്ഞുനിർത്തി പരിശോധന നടത്താത്തത് എന്തുകൊണ്ടെന്ന് കമ്മിഷൻ ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മിഷണറും നാലാഴ്ചയ്‌ക്കകം മറുപടി നൽകണം.