messi

അസുൻസിയോൺ (പരാഗ്വെ): കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിനിടെ സംഘാടകർക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിക്ക് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് മൂന്ന് മാസം വിലക്കും 50,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) പിഴ ശിക്ഷയും. തെക്കേ അമേരിക്കൻ ഫുട്ബാൾ ഫെഡ‌റേഷൻ കോൺമേബാളാണ് 32കാരനായ മെസിക്കെതിരെ നടപടിയെടുത്തത്. നടപടിക്കെതിരെ 7 ദിവസത്തിനുള്ളിൽ മെസിക്ക് അപ്പീൽ നൽകാം. വിലക്ക് നിലവിൽ വന്നതിനാൽ മെസിക്ക് ഇനി നവംബറിൽ മാത്രമേ അർജന്റീനയ്‌ക്കായി കളിക്കാനിറങ്ങാനാകൂ. സെപ്തംബർ 6ന് ചിലിക്കെതിരെയും പത്തിന് മെക്സിക്കോയ്ക്കെതിരെയും ഒക്ടോബർ 9ന്ജർമ്മനിക്കെതിരെയുമുള്ള അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. ചിലിക്കെതിരായ കോപ്പ ലൂസേഴ്സ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ഒരു ലോകകപ്പ് യോഗ്യതാമത്സരത്തിലും മെസിക്ക് കളിക്കാനാകില്ല. ചിലിക്കെതിരെ കിട്ടിയ ഈ ചുവപ്പ് കാർഡാണ് മെസിയെ പ്രകോപിപ്പിച്ചത്. മത്സരത്തിന് ശേഷം റഫറിയിംഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മെസി കോൺമെബാൾ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള തിരക്കഥയാണ് ഒരുക്കിയിരിക്കുന്നതെന്നും ആരോപിച്ചിരുന്നു. മത്സര ശേഷം മെഡൽ സ്വീകരിക്കാനും മെസിയെത്തിയില്ല. പിന്നീട് തന്റെ പ്രസ്താവനയിൽ ഖേദപ്രകടനം നടത്തിയെങ്കിലും മെസിക്കെതിരെ നടപടിയെടുക്കുമെന്ന് ലാറ്രിനമേരിക്കൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.