തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനായിരുന്ന വ്യക്തിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുക്കാരൻ. 2015 ഫെബ്രുവരി ആറിന് പത്തനംതിട്ട ഓക്സ്ഫോർഡ് കോളേജും അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവൽക്കരണ ക്ലാസിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. അന്ന് കോളേജിലെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ക്ലാസെടുത്തിരുന്നു. ജീവിതത്തിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെ കുറിച്ചായിരുന്നു ശ്രീറാം ഇവിടെ പ്രസംഗിച്ചിരുന്നത്.
മാത്രമല്ല തന്റെ ജീവിതാനുഭവങ്ങളും വിദ്യാർത്ഥികളോട് പങ്കുവച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച മുദ്രാവാക്യ മത്സരത്തിൽ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തതും ശ്രീറാം വെങ്കിട്ടരാമനാണ്. ഇതേ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് ഇന്ന് പുലർച്ചെ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ചു കൊണ്ട് മാധ്യമപ്രവർത്തകന്റെ ജീവനെടുത്തതും.
പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർന്നായിരുന്നു അപകടം. മാദ്ധ്യമ പ്രവർത്തകനായ ബഷീറിന്റെ ബൈക്കിന് പിന്നിൽ അതേദിശയിൽ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേർന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാർ നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയയിരുന്നു.
ശ്രീറാമാണ് കാർ ഓടിച്ചിരുന്നതെന്നും, മദ്യലഹരിയിലായിരുന്ന ഇയാൾ കാർ അമിത വേഗത്തിലാണ് ഓടിച്ചതെന്നും ദൃക്‌സാക്ഷികൾ രാവിലെ തന്നെ മൊഴി നൽകിയിരുന്നുവെങ്കിലും പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. വാഹനമോടിക്കമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിരുന്നു.