ലണ്ടൻ: 'മിസ് ഇംഗ്ലണ്ട് 2019" കിരീടം ചൂടി ഇന്ത്യൻ വംശജയായ 23കാരി ഡോക്ടർ ഭാഷാ മുഖർജി.
ഡെർബിയെ പ്രതിനിധീകരിച്ചാണ് ഭാഷ മത്സരത്തിന് എത്തിയത്. മിസ് ഇംഗ്ലണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഡിസംബറിൽ ലണ്ടനിൽ നടക്കുന്ന 69-ാമത് ലോക സുന്ദരി മത്സരത്തിന് ഭാഷ യോഗ്യത നേടി. ബോസ്റ്റണിലെ പിൽഗ്രിം ആശുപത്രിയിൽ ഡോക്ടറായി നിയമനം ലഭിച്ചിരിക്കുകയാണ് ഭാഷയ്ക്ക്. ജോലിയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് കിരീടം സ്വന്തമായത്.
ഭാഷയ്ക്ക് 9 വയസുള്ളപ്പോഴാണ് മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. നോട്ടിംഗ്ഹാം സർവകലാശാലയിൽ നിന്നു മെഡിസിനിൽ ബിരുദം നേടിയ ഭാഷയ്ക്ക് ഹിന്ദി, ബംഗാളി, ഇംഗ്ളീഷ്, ജർമ്മൻ, ഫ്രെഞ്ച് എന്നിങ്ങനെ 5 ഭാഷകൾ വശമുണ്ട്. സൗത്ത് ഏഷ്യക്കാരെയും ഡെർബിയെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭാഷ പ്രതികരിച്ചു.