തിരുവനന്തപുരം: പ്രളയ സെസായി ഒരു ശതമാനം നികുതി ഏർപ്പെടുത്തുന്നതിന് മുമ്പ് തന്നെ സാധനങ്ങൾക്കെല്ലാം വില കൂട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കുറ്റവിചാരണയാത്രയുടെ ആലോചനായോഗം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം നേരിട്ടവരെ സഹായിക്കാതെ പ്രളയസെസായി 1000 കോടി രൂപയാണ് ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നത്. 4853 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലുളളപ്പോൾ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കടുത്ത സാമ്പത്തിക ക്ലേശം നേരിടുമ്പോഴാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റയാളെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ചത്. സർക്കാർ ധൂർത്തിന്റെ പാപഭാരം ജനങ്ങളിൽ അടിച്ചേല്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ മാസം 24 മുതൽ 27വരെയാണ് ജില്ലയിൽ യാത്ര. യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, ബീമാപളളി റഷീദ്, ആർ. സെൽവരാജ്, തോന്നയ്ക്കൽ ജമാൽ, എം.പി.സാജു, കരുമം സുന്ദരേശൻ, ആർ.വത്സലൻ, കെ.എസ്. സനൽകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, വി.എസ്.മനോജ്കുമാർ, സഹായദാസ്, അജയൻ നെല്ലിയിൽ, എം.ആർ.മനോജ്കുമാർ, ജോസഫ് സ്‌കറിയ, ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.