ലക്നൗ: ബി. ജെ. പി. എം. എൽ. എ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ച ഉന്നാവോ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ഇടിച്ച ട്രക്കിന്റെ നമ്പർപ്ലേറ്റ്
അപകടത്തിന് കുറച്ചു മുൻപ് ഡ്രൈവർ കറുത്ത ചായം തേച്ച് മറച്ചതാണെന്ന് വ്യക്തമായി.
അതേസമയം, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ലക്നൗ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില കൂടുതൽ വഷളായി. പെൺകുട്ടിക്ക് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.
വായ്പാതിരിച്ചടവ് മുടങ്ങിയതിനാൽ ഫിനാൻസുകാരെ പേടിച്ചാണ് നമ്പർ പ്ളേറ്റ് ചായം പൂശി മറച്ചതെന്ന ട്രക്കുടമ ദേവേന്ദ്രസിംഗിന്റെ മൊഴി കള്ളമാണെന്ന് തെളിഞ്ഞു. വായ്പ നേരത്തെ തിരിച്ചടച്ചതായി ഫിനാൻസുകാർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
അപകട സ്ഥലത്തിന് 20 കിലോമീറ്റർ മുമ്പ് റായ്ബറേലി ലാൽഗഞ്ച് ടോൾപ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ട്രക്കിന്റെ നമ്പർ പ്ളേറ്റിൽ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി കാണാം. രാവിലെ 5.20ന് പതിഞ്ഞ ദൃശ്യമാണത്. ഉച്ചയ്ക്ക് 12.20 അപകടം നടക്കുമ്പോൾ നമ്പർ പ്ളേറ്റ് കറുത്ത ചായം പൂശി മറച്ചിരുന്നു. ടോൾ പ്ലാസ കഴിഞ്ഞപ്പോൾ ഡ്രൈവർ നമ്പർ പ്ളേറ്റ് മറച്ചെന്നാണ് നിഗമനം. നമ്പർ പ്ലേറ്റ് മറച്ച നിലയിൽ ട്രക്ക് അപകടത്തിന് മുൻപ് പൊലീസിന്റെ കൺമുൻപിലൂടെ കടന്നുപോയെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐക്ക് ലഭിച്ചു. ഡ്രൈവറേയും സഹായിയേയും തൂടുതൽ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ വീണ്ടും അപകടസ്ഥലം പരിശോധിച്ച സി. ബി. ഐ സംഘം പെൺകുട്ടിയുടെ ഉന്നാവിലെ വീട്ടിലും എത്തി. അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി സി.ബി.ഐക്ക് 14 ദിവസം വരെയാണ് അനുവദിച്ചിട്ടുള്ളത്.
കുൽദീപിനെ ചോദ്യം ചെയ്തു
ഉന്നാവോ പീഡനക്കേസിലെ പ്രതികളായ ബി. ജെ. പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗറെയും അതുൽ സെൻഗറെയും സി.ബി.ഐ ചോദ്യം ചെയ്തു. കുൽദീപ് ആരോപണങ്ങൾ നിഷേധിച്ചു. 'അപകടം നടന്നത് തന്റെ അറിവോടെയല്ലെന്ന് അയാൾ പറഞ്ഞു. ഇന്നും ചോദ്യം ചെയ്യൽ തുടരും.അതിനിടെ, കുൽദീപിന്റെ തോക്ക് ലൈസൻസ് അദികൃതർ റദ്ദാക്കി. ഇയാളെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പെൺകുട്ടിക്ക് ന്യുമോണിയ
ഉന്നാവോ പെൺകുട്ടിക്ക് പനി ബാധിച്ചത് ആശങ്കയായി തുടരുന്നതിനിടെയാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നതിന്റെ ട്രയൽ നടത്താനായില്ല.
അതേസമയം, പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടിക്കൊപ്പം പരിക്കേറ്റ അഭിഭാഷകൻ മഹേന്ദ്ര സിംഗിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ഇദ്ദേഹത്തിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ മൊഴി നൽകി.