കൊച്ചി: ഉപഭോക്താക്കൾക്ക് അതിവേഗം ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനം നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡുമായി (എൻ.എസ്.ഡി.എൽ) ചേർന്ന് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഈ സൗകര്യം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് 'ഫെഡ്‌നെറ്ര്" സംവിധാനത്തിലൂടെ മിനുട്ടുകൾക്കകം ഡിമാറ്റ് അക്കൗണ്ട് തുറക്കാനാകും.
നിലവിൽ, പേപ്പർ നടപടികളിലൂടെ മൂന്നു ദിവസം വരെ എടുക്കുന്ന കാര്യങ്ങളാണ് നിമിഷങ്ങൾക്കകം സാദ്ധ്യമാകുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ, എൻ.എസ്.ഡി.എൽ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ജി.വി. നാഗേശ്വര റാവു എന്നിവർ ചേർന്ന് പദ്ധതി അവതരിപ്പിച്ചു. ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഐ.പി.ഒ., എൻ.എഫ്.ഒ മാർഗങ്ങളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്താം.
ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക്, കൈവശമുള്ള സെക്യൂരിറ്റീസ് ഈടുവച്ച് ഉടനടി വായ്‌പ നേടാവുന്ന 'ലോൺ എഗൈൻസ്‌റ്റ് സെക്യൂരിറ്റീസ്" പദ്ധതിയും ലഭ്യമാണെന്ന് ജി.വി. നാഗേശ്വര റാവു പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ മൊത്തം പണം ഇടപാടുകളിൽ 74 ശതമാനവും ഇപ്പോൾ ഡിജിറ്റൽ വഴിയാണെന്ന് ശ്യാം ശ്രീനിവാസൻ 'കേരളകൗമുദി"യോട് പറഞ്ഞു. 2020 മാർച്ചിനകം ഒരുലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾ ഒരുപാടുള്ള കേരളത്തിൽ നിന്ന് മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനിക ക്ഷേമനിധിക്ക്
₹42.02 ലക്ഷം നൽകി
വീരമൃത്യുവരിച്ച സൈനികരുടെ മക്കൾക്ക് ഫെഡറൽ ബാങ്ക് സ്‌കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ, കഴിഞ്ഞ മാർച്ചിൽ ഉപഭോക്താക്കൾ നടത്തുന്ന ഓൺലൈൻ ഇടപാടുകൾക്ക് തുല്യമായ തുക സൈനിക ക്ഷേമ നിധിയിലേക്ക് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്രകാരം, സ്വരൂപിച്ച 42.02 ലക്ഷം രൂപ ഇന്നലെ സൈനിക ക്ഷേമനിധിയിലേക്ക് ഫെഡറൽ ബാങ്ക് കൈമാറി.