ബാങ്കോക്ക്: ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി ഇന്ത്യൻ ജോഡി സാത്വിക്‌സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തി. തായ്ലൻഡ് ഓപ്പണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം. ലോക പതിനാറാം നമ്പർ ഇന്ത്യൻ സഖ്യം സെമി ഫൈനലിൽ പത്തൊമ്പതാം റാങ്കുകാരായ കൊറിയൻ ജോഡി കോ സുംഗ് ഹ്യുൻ - ഷിൻ ബയിക്ക് ചിയോൾ സഖ്യത്തിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 22-20, 22-24, 21-9നായിരുന്നു വിജയം സ്വന്തമാക്കിയത്. 63 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനീസ് ജോഡി മൂന്നാം സീഡ് ലീ ജുൻ ഹ്യുയി-ലിയു യു ചെൻ സഖ്യമാണ് സാത്വിക് - ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
തായ്ലൻഡ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസഖ്യം.
2019ലെ ഈ സഖ്യത്തിന്റെ ആദ്യ ഫൈനൽ
2018ലെ കോമൺവെൽത്ത് ഗെയിംസിൽ ഈ സഖ്യം വെള്ളി നേടിയിരുന്നു.