തിരുവനന്തപുരം: അപകടത്തിന് ശേഷം കാറോടിച്ചത് താനാണെന്ന് പറയാൻ ശ്രീറാം നിർബന്ധിച്ചതായി വഫ പൊലീസിൽ മൊഴി നൽകി. മദ്യപിക്കാത്ത വഫ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റമേ വരുമെന്നും ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമാണ് ശ്രീറാം പറഞ്ഞതെന്നും വഫ പൊലീസിനോട് പറഞ്ഞു. ശ്രീറാം സർവ്വീസിലേക്ക് തിരിച്ചു വരുന്നതിന്റെ പാർട്ടിയായിരുന്നു ഇന്നലെ. ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ഐ.എ.എസ്സുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം നടന്നിരുന്നത്.
ആഘോഷത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും രാത്രി കാർ ആവശ്യപ്പെട്ട് ശ്രീറാം വിളിക്കുകയായിരുന്നുവെന്നും വഫ ഫിറോസ് പറയുന്നു. തുടർന്ന് 12.40 ഓടെ കവടിയാറിലെത്തി. കവടിയാർ വിവേകാനന്ദപ്പാർക്കിന് മുന്നിൽ നിന്നും ശ്രീറാം കാറിൽ കയറി. ഇത്തിരി ദൂരം മുന്നോട്ട് പോയപ്പോഴേക്ക്, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ വെച്ച് ശ്രീറാം വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ വാഹനമോടിക്കാമെന്ന് നിർബന്ധിച്ച് കാർ വാങ്ങി. ഞാൻ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാൻ തുടങ്ങി.വീണ്ടും താൻ വേണ്ടെന്ന് നിർബന്ധിച്ചിട്ടും കേട്ടില്ല. തനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫയുടെ മൊഴിയിൽ പറയുന്നു.
അമിത വേഗത്തിൽ വന്ന കാർ തിരുവനന്തപുരത്തെ സിറാജ് യൂണിറ്റ് ഹെഡായ കെ.എം ബഷീറിന്റെ ബെെക്കിൽ വന്ന് ഇടിക്കുകയിരുന്നു. ബൈക്കിൽ നിന്ന് ഏതാണ്ട് അമ്പത് മീറ്റർ അകലേയ്ക്ക് ബഷീർ തെറിച്ചു വീണു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ പ്രൊമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് ബഷീർ അപകടത്തിൽ പെട്ടത്.
ശ്രീറാം വെങ്കിട്ടരാമനും വഫയും ഫേസ്ബുക്കിലൂടെയുള്ള സൗഹൃദബന്ധമാണ്. യുവ ഐ.എ.എസ് ഓഫീസറോടുള്ള കടുത്ത ആരാധനയാണ് ശ്രീറാമുമായുള്ള സൗഹൃദത്തിലേക്കെത്തിച്ചതെന്നാണ് വഫ പറയുന്നത്. നാവായിക്കുളം സ്വദേശിയായ വഫ വർഷങ്ങളായി ഗൾഫിലാണ്. അതിവേഗം കാറോടിക്കൽ വഫയ്‌ക്കും ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമിതവേഗത്തിന് മൂന്ന് തവണ വഫയുടെ കാറിന് പിഴ ചുമത്തിയിട്ടുണ്ട്.