ന്യൂഡൽഹി: സംഘപരിവാറിന്റെ ആവശ്യപ്രകാരം സിലബസിൽ മാറ്റം വരുത്തുന്നുവെന്നാരോപിച്ച് ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകരുടെ പ്രതിഷേധം. അക്കാഡമിക് വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ ആക്രമണമാണ് സിലബസിനെതിരെ നടക്കുന്നതെന്ന് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
എ.ബി.വി.പിയുടെയും ആർ.എസ്.എസ് അനുകൂല അദ്ധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെയും (എൻ.ഡി.ടി.എഫ്) അഭ്യർത്ഥന പ്രകാരമാണ് സിലബസിൽ മാറ്റം വരുത്താൻ സർവകലാശാല തയ്യാറാകുന്നതെന്ന് അവർ ആരോപിച്ചു.
ജൂലായ് 15ന് നടന്ന അക്കാഡമിക് കൗൺസിൽ യോഗത്തിലായിരുന്നു ഇരുസംഘടനകളും മാറ്റങ്ങൾ ശുപാർശ ചെയ്തത്. എന്നാൽ മാറ്റം ഇതുവരെ നടന്നിട്ടില്ല. അതിനാൽ സിലബസും തയ്യാറായിട്ടില്ല. സർവകലാശാലയിൽ ക്ലാസാരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സിലബസ് ലഭിച്ചിട്ടില്ലെന്ന കാര്യം അവർ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിന്റെ സിലബസിലാണ് പ്രശ്‌നം നിലനില്‍ക്കുന്നത്.
ഇംഗ്ലീഷ് ഓണേഴ്‌സ്, ബി.കോം, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ എന്നിവയ്ക്ക് ഇംഗ്ലീഷ് നി\ബന്ധിത പേപ്പറും ഇലക്ടീവുമൊക്കെയാണ്. 2002-ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും 2013-ലെ മുസാഫർപുർ കലാപത്തെപ്പറ്റിയും സിലബസിൽ ഉണ്ടായിരുന്ന ഭാഗം മാറ്റണമെന്നാണ് എ.ബി.വി.പിയുടെയും എൻ.ഡി.ടി.എഫിന്റെയും ആവശ്യം. ജനാധിപത്യപരമായ സിലബസായിരുന്നു ഉണ്ടായിരുന്നതെന്നും അത് 40 കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകർ രണ്ടുവർഷം കൊണ്ടാണ് രൂപപ്പെടുത്തിയതെന്നും അദ്ധ്യാപകർ പറയുന്നു.
എന്നാൽ ആരോപണങ്ങൾ എ.ബി.വി.പി നിഷേധിച്ചിട്ടുണ്ട്.