news

1. മദ്യലഹരിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ട രാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. നടപടി, ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മ്യൂസിയം പൊലീസ് ആശുപത്രിയില്‍ എത്തിയാണ് ശ്രീറാം വെങ്കിട്ട രാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ശ്രീറാമിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
2. സംഭവത്തില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചുവെന്ന ആരോപണം പ്രത്യേകം അന്വേഷിക്കണം എന്നു ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ ഐ.പി.സി 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും
3. ഇന്നലെ രാത്രി അമിത വേഗത്തില്‍ എത്തിയ ശ്രീറാം വെങ്കിട്ട റാമിന്റെ കാര്‍ ബഷീറിന്റെ ഇരുചക്ര വാഹനത്തെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതി ശ്രീറാമിന് എതിരെ മൊഴി നല്‍കി ഇരുന്നു. സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണ് കാര്‍ ഓടിച്ചത് എന്ന് പൊലീസും സ്ഥീരീകരിച്ചു. അതേസമയം, പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം ഉണ്ട്. ഗുരുതരമായ അപകടം ഉണ്ടാക്കിയിട്ടും ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ സംഭവ സമയത്ത് പൊലീസ് തയ്യാറായില്ല. മദ്യപിച്ച് വാഹനം ഓടിച്ചിട്ടും കേസ് എടുക്കാതെ വിട്ടയച്ചു. കാല്‍ നിലത്തുറയ്ക്കാന്‍ കഴിയാത്ത വിധമാണ് ശ്രീറാം കാറില്‍ നിന്ന് പുറത്തിറങ്ങിയത് എന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍.
4. വാഹന അപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുക ആണ്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവ പെട്ടിരുന്നു. തുടര്‍ പരിശോധനയില്‍ ആണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്.


5. അതേസമയം, ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം.എല്‍.എ യെ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലില്‍ എത്തിയാണ് സി.ബി.ഐ സംഘം എം.എല്‍.യെ ചോദ്യം ചെയ്തത്. വാഹന അപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. എം.എല്‍.എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകന്‍ ട്രക്ക് ഉടമ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും
6. ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പില്‍ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ്, മഹ്താബ് , ശ്യാമിലി സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഹിസാര്‍ കന്റോണ്‍മെന്റില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തു വരിക ആയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് സൈനിക ക്യാമ്പിന്റെ ദൃശ്യങ്ങളും വീഡിയോകളും സൈനികരുടെ ഡ്യൂട്ടി വിവരങ്ങളും കണ്ടെടുത്തു. മൂന്നു പേരും പാകിസ്ഥാനിലെ തങ്ങളുടെ ഏജന്റുമായി വാട്സ്ആപ്പ് ചാറ്റിംഗും വീഡിയോ കോളുകളും ചെയ്തതായി കണ്ടെത്തി. ഹിസാര്‍ പൊലീസ് മൂവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.
7. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വന്‍തോതില്‍ ഉള്ള സൈനിക നീക്കം. 35 എ വകുപ്പ് നീക്കം ചെയ്യാനുള്ള ശ്രമം എന്ന് ആരോപണം. അമര്‍നാഥ് യാത്രികരോടും വിനോദ സഞ്ചാരികളോടും അടിയന്തരമായി മടങ്ങാന്‍ ആവശ്യപ്പെട്ടതും വന്‍തോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമര്‍നാഥ് യാത്രികര്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായേക്കും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടികള്‍. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
8. അതേസമയം, ജമ്മു കാശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 35 എ സംബന്ധിച്ച് നിലപാട് വ്യക്തം ആക്കേണ്ടത് കേന്ദ്രം ആണ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ലെന്ന് കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ ഉറപ്പു നല്‍കി. ജമ്മുകാശ്മീര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് അവസാനവാക്ക്. അതിനാല്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് തങ്ങള്‍ക്കത് കേള്‍ക്കേണ്ടത് എന്നും ഒമര്‍ അബ്ദുള്ള
9. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. മഴ ഇല്ലെങ്കില്‍ ഈ മാസം 16ാം തീയതി മുതല്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെ.എസ.്ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു. 16ന് കെ.എസ്.ഇ.ബി യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചത് ഈ സാഹചര്യത്തില്‍. മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വ്യക്തമാക്കി.