കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവിലയുടെ റെക്കാഡ് കുതിപ്പ്. പവൻ, ഗ്രാം വിലകൾ ഇന്നലെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന നിരക്കിലെത്തി. 160 രൂപ വർദ്ധിച്ച് 26,200 രൂപയാണ് പവൻവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് വില 3,275 രൂപയായി. കഴിഞ്ഞ ജൂലായ് 19ന് കുറിച്ച റെക്കാഡാണ് പഴങ്കഥയായത്. അന്ന്, പവന് 26,120 രൂപയും ഗ്രാമിന് 3,265 രൂപയുമായിരുന്നു വില.
അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ത്യൻ വിലയെ സ്വാധീനിക്കുന്ന സിംഗപ്പൂർ വിപണിയിൽ ഇന്നലെ സ്വർണവില ഔൺസിന് 19.75 ഡോളർ ഉയർന്ന് 1,440 ഡോളറായി. ഒരുവേള 1,448 ഡോളർ വരെ വിലയെത്തിയിരുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായ പശ്‌ചാത്തലത്തിൽ ഓഹരി വിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നതത്. ഓഹരികളിൽ നിന്ന് പിൻവലിക്കപ്പെടുന്ന പണം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ഒഴുകുകയാണ്.
ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിയുന്ന പശ്‌ചാത്തലത്തിൽ രൂപയുടെ മൂല്യമിടിയുന്നതും സ്വർണവില വർദ്ധനയ്ക്ക് കാരണമാകുന്നു. അന്താരാഷ്‌ട്ര തലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണം ഇറക്കുമതി ചെലവ് കൂടും. ഇത്, സ്വർണവില വർദ്ധനയുണ്ടാക്കും. ഇന്നലെ ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് 69.58ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്ര ബഡ്‌ജറ്റിൽ വിദേശ നിക്ഷേപകർക്കുമേൽ ഏർപ്പെടുത്തിയ നികുതി നിർദേശങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം കൊഴിയാൻ മുഖ്യ കാരണമാകുന്നത്.
₹26,200
ഇന്നലെ കേരളത്തിൽ പവൻവില 160 രൂപ വർദ്ധിച്ച് പുതിയ ഉയരമായ 26,200 രൂപയായി. 20 രൂപ വർദ്ധിച്ച് 3,275 രൂപയാണ് ഗ്രാം വില.
₹2,760
സ്വർണവില പവന് 2019ൽ ഇതുവരെ വർദ്ധിച്ചത് 2,760 രൂപ. ഗ്രാമിന് 345 രൂപയും ഉയർന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ പവന് 4,280 രൂപയും ഗ്രാമിന് 535 രൂപയും കൂടി.
വിലക്കുതിപ്പിന്
പിന്നിൽ
ആഗോള ഓഹരികളുടെ തകർച്ച സ്വർണത്തിന് നേട്ടമാകുന്നു
രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവേറി
അന്താരാഷ്ട്ര വിലയിലെ വൻ മുന്നേറ്റം