wafa-firos

തിരുവനന്തപുരം: തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന വഫ ഫിറോസിനെതിരെയും പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന കേസാണ് വഫയ്ക്കെതിരെ പൊലീസ് ചുമത്തിയത്. അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു എന്നാണ് വഫയ്ക്കെതിരെയുള്ള കുറ്റം. വഫയെ ജാമ്യത്തിൽ വിട്ടയച്ചു. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലെെസൻസ് റദ്ദാക്കും

നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാമിനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കൽ, മനപൂർവമായ നരഹത്യ തുടങ്ങിയ അധിക വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രമല്ല 30 ദിവസം ജയിൽ വാസം അനുഭവിച്ചതിനു ശേഷം മാത്രമേ ശ്രീറാമിന് ജാമ്യം ലഭിക്കുകയുള്ളൂ.

ഇന്ന് പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നിൽ അതേദിശയിൽ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേർന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാർ നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. . ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.