എഡ്ജ്ബാസ്റ്രൺ: ആഷ്സ് ഒന്നാം ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 284/10നെതിരെ മൂന്നാം ദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടി 374 റൺസിൽ ആൾ ഔട്ടായി.90 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 124/3 എന്ന നിലയിലാണ്. 7 വിക്കറ്റ് കൈയിലിരിക്കേ ഇംഗ്ലണ്ടിന് 34 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡുണ്ട്. ഓപ്പണർമാരായ ഡേവിഡ് വാർണർ (8), കാമറോൺ ബെൻക്രോഫ്റ്റ് (7) എന്നിവർ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടു.
ടീം സ്കോർ 13ൽ നിൽക്കെ വാർണറെ വിക്കറ്ര് കീപ്പർ ബെയർസ്റ്റോയുടെ കൈയിൽ എത്തിച്ച് ബ്രോഡാണ് ആസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ ബെൻക്രോഫ്റ്രിനെ മോയിൻ അലിയുടെ പന്തിൽ ബട്ട്ലർ പിടികൂടുകയായിരുന്നു. നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന ഉസ്മാൻ ഖ്വാജ (48 പന്തിൽ 40) സ്റ്രോക്സിന്റെ പന്തിൽ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ആറ് ഫോറുൾപ്പെട്ടതാണ് ഖ്വാജയുടെ ഇന്നിംഗ്സ്. ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ സ്റ്റീവൻ സ്മിത്തിനൊപ്പം ട്രാവിസ് ഹെഡാണ് ക്രീസിലുള്ളത്.
നേരത്തേ 267/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 374 റൺസിന് ആൾഔട്ടാവുകയായിരുന്നു. അർദ്ധ സെഞ്ച്വറി തികച്ച സ്റ്റോക്സിന്റെ (50) വിക്കറ്റാണ് ഇന്നലെ അവർക്ക് ആദ്യം നഷ്ടമായത്. സ്റ്റോക്സിനെ കുമ്മിൻസ് പെയ്ന്റെ കൈയിൽ എത്തിക്കുകയായിരുന്നു. സെഞ്ച്വറി വീരൻ ബേൺസ് (133) ലിയോണിന്റെ പന്തിൽ പെയ്ന് തന്നെ ക്യാച്ച് നൽകി മടങ്ങി. 312 പന്ത് നേരിട്ട് 17 ഫോറുകൾ ഉൾപ്പെട്ടതാണ് ബേൺസിന്റെ ഇന്നിംഗ്സ്.
ക്രിസ് വോക്സ് 37 റൺസെടുത്ത് പുറത്താകാതെ നിന്നു. സ്റ്റുവർട്ട് ബ്രോഡ് 29 റൺസെടുത്തു. പാറ്റ് കമ്മിൻസും നാഥാൻ ലിയോണും ആസ്ട്രേലിയക്കായി 3 വിക്കറ്റ് വീതം വീഴ്ത്തി.