sdpi-

തൃശ്ശൂർ: ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്.പി.ഡി.ഐ പ്രവർത്തകൻ പിടിയിലായി. ചാവക്കാട് നാലാംകല്ല് സ്വദേശി മുബീനാണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ചാവക്കാട് പ്രദേശത്ത് എസ്.ഡി.പി.ഐയിൽ നിന്ന് നിരവധിയാളുകൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനു കാരണം നൗഷാദായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനായ നസീബിനെ നൗഷാദ് നേരത്തെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായി. ഇതൊക്കെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുബീന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ മുബീൻ നൽകിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രാദേശിക എസ്.ഡി.പി.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുബീൻ പറഞ്ഞു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മുബീൻ നിരവധി കേസുകളിൽ പ്രതിയാണ്.

ജൂലായ് 30നാണ് ചാവക്കാട് പുന്നയിൽ നൗഷാദ് ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്.രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു