navdeep

ലൗഡർഹിൽ (യു.എസ്.എ): വെസ്റ്രിൻഡീസിനെതിരായ ട്വന്റി -20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആമേരിക്കയിലെ ലൗഡർഹിൽ വേദിയായ മത്സരത്തിൽ വെസ്റ്റിൻഡീസ് ബാറ്രിംഗ് നിരയെ എറിഞ്ഞ് വീഴ്ത്തിയ ഇന്ത്യ നാല് വിക്കറ്രിന്റെ തകർപ്പൻ ജയമാണ് നേടിയത്. ലോകകപ്പ് സെമിയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതവും ടീമിൽ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങളുമുൾപ്പെടെ പ്രതിസന്ധിയുടെ നടുവിലുള്ള ഇന്ത്യൻ ടീമിന് തിരിച്ചുവരവിലേക്കുള്ള ആദ്യ ചവിട്ടുപടിയാകും ഈ വിജയമെന്നാണ് പ്രതീക്ഷ.

ആദ്യം ബാറ്രിംഗിനിറങ്ങിയ വെസ്റ്റിൻഡീസിനെ നിശ്ചിത 20 ഓവറിൽ ഇന്ത്യ 95/9ൽ ഒതുക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (98/6). ഇതോടെ മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി തന്റെ അരങ്ങേറ്ര മത്സരത്തിനിറങ്ങിയ നവദീപ് സെയ്നി മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞപ്പോൾ വെടിക്കെട്ട് താരങ്ങൾ ഉൾപ്പെട്ട വെസ്റ്റിൻഡീസ് ബാറ്റിംഗ് നിര നനഞ്ഞ പടക്കമാവുകയായിരുന്നു. ഭുവനേശ്വർ കുമാ‌ർ 2 വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

49 റൺസെടുത്ത കീറോൺ പൊള്ളാഡിന് മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. 49 പന്ത് നേരിട്ട് 4സിക്സും 2 ഫോറും ഉൾപ്പെട്ടതാണ് പൊള്ളാഡിന്റെ ഇന്നിംഗ്സ്. പൊള്ളാഡിനെക്കൂടാതെ നിക്കോളാസ് പൂരന്മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. 16 പന്തിൽ 2 സിക്സും 1 ഫോറും ഉൾപ്പെടെ പൂരൻ 20 റൺസെടുത്തു.

ഓപ്പണർമാരായ കാംപ്ബെല്ലും ലൂയിസും പൂജ്യൻമാരായി പുറത്തായി.

ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദറാണ് ബൗളിംഗ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കാംപ്‌ബെല്ലിനെ പുറത്താക്കി സുന്ദർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. അടുത്ത ഓവറിലെ അവസാന പന്തിൽ മറ്രൊരു ഓപ്പണർ എവിൻ ലൂയിസിനെ ഭുവനേശ്വർ കുമാർ ക്ലീൻബൗൾഡാക്കി. 2016ൽ ഇവിടെ നടന്ന ട്വന്റി-20യിൽ ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് ലൂയിസ്. വമ്പനടികളുമായി പ്രതീക്ഷ നൽകിയ പൂരനെ പന്തിന്റെ കൈയിൽ എത്തിച്ച് സയ്നി തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തിൽ ഹെറ്റ്‌മേയറെ ക്ലീൻബൗൾഡാക്കി സ‌യ്നി ഇരട്ടവെടി പൊട്ടിച്ചതോടെ വിൻഡീസ് പ്രതിസന്ധിയിലാവുകയായിരുന്നു. റോവ്‌മാൻ പവൽ (4) ഖലിന്റെ പന്തിൽ പന്തിന്റെ കൈയിലെത്തി. വമ്പനടിക്കാരൻ ക്യാപ്ടൻ ബ്രാത്ത് വെയ്റ്ര് (9) അല്പ നേരം പിടിച്ചുനിന്നെങ്കിലും റൺസ് കണ്ടെത്താൻ വിഷമിച്ചു. ബ്രാത്ത്‌വെയ്റ്രിനെ ക്രുനാൽ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. സുനിൽ നരെയ്‌നെ (2) ജഡേജ ഖലീലിന്റെ കൈയിലും കീമോ പോളിനെ (3) ഭുവനേശ്വർ കൊഹ്‌ലിയുടെ കൈയിലും എത്തിച്ചു. അർദ്ധ സെഞ്ച്വറിക്കരികെ പൊള്ളാഡ് സെയ്നിയുടെ പന്തിൽ എൽബി ആയി പുറത്തായി. കോട്ട്രല്ലും തോമസും പുറത്താകാതെ നിന്നു.

തുടർന്ന് ബാറ്രിംഗിനിറങ്ങിയ ഇടയ്ക്കൊന്നു പതറിയെങ്കിലും ഇന്ത്യ 17.2 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. 25 പന്തിൽ 2 വീതം സിക്സും ഫോറും ഉൾപ്പെടെ 24 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കൊഹ്‌ലിയും മനീഷ് പാണ്ഡേയും 19 റൺസ് വീതം നേടി. ശിഖർ ധവാൻ (1), റിഷഭ് പന്ത് (0), ക്രുനാൽ പാണ്ഡ്യ (12) എന്നിവർ നിരാശപ്പെടുത്തി.

വിൻഡീസിനായി കോട്ട്‌റൽ, നരെ‌യ്ൻ, പോൾ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

അരങ്ങേറ്റം ഗംഭീരമാക്കി നവദീപ് സെയ്നി

4-1-17-3

തുടർച്ചയായ രണ്ട് ബാളുകളിൽ വിക്കറ്ര്

വിൻഡീസ് ബാറ്രിംഗ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടുപേർ മാത്രം

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വൈകിട്ട് 8 മുതൽ