ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതും രണ്ട് തവണ കർണാടക മുഖ്യമന്ത്രിയായതും ആകസ്മികമായാണെന്ന് കുമാരസ്വാമി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
രണ്ടുവട്ടം മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി. മുഖ്യമന്ത്രി പദത്തിലിരുന്ന് പലകാര്യങ്ങളും ചെയ്തു അതിൽ തൃപ്തിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്നും രണ്ട് തവണയും നന്നായി പ്രവർത്തിക്കാൻ സാധിച്ചെന്നും കുമാരസ്വാമി പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകൾക്ക് പറ്റിയതല്ല. ഞാൻ എല്ലാം നന്നായാണ് ചെയ്തത്. ദൈവം അത് കാണുന്നുണ്ട്. എന്റെ കുടുംബത്തെയൊന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാൻ തളർന്നിരിക്കുകയാണ്. എന്നെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കൂവെന്ന് കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു. 14മാസം മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തിന്റെ വികസത്തിനാണ് താൻ പ്രധാന്യം നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
17 എം.എൽ.എമാർ പിന്തുണ പിൻവലിച്ച് രാജിവച്ചതിനെത്തുടർന്ന് ബി.ജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാണ് ഇത്തവണ കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയേണ്ടി വന്നത്.