സജിതയുടെ നെഞ്ചോട് ചേർന്നു പറ്റിക്കിടക്കുന്ന മുഹമ്മദ് സുബ്ഹാന്റെ നുണക്കുഴി ചിരിയോളം തെളിമയുണ്ട് പ്രളയ കേരളത്തിന്റെ അതിജീവനത്തിന്. ഇപ്പോഴിതാ ഒരു വർഷം പിന്നിട്ടിരിക്കുന്നു ആ അമ്മയുടെ കരളുറപ്പിനും. കണ്ണെത്താദൂരത്തോളം പ്രളയജലത്തിന് നടുവിൽ നിന്ന് സുബ്ഹാനെ ഉദരത്തിലേന്തി സാജിത നേവി ഹെലികോപ്ടറിലേക്ക് ചാഞ്ചാടി ഉയർന്നപ്പോൾ കേരളം ഒറ്റക്കെട്ടായി ആ ജീവനുകൾക്കായി പ്രാർത്ഥിച്ചു. ആകാംക്ഷയ്ക്കും പ്രാർത്ഥനകൾക്കും നടുവിലേക്ക് പിറന്നുവീണ ഈ ഓമൽക്കുരുന്ന് 17ന് ആദ്യപിറന്നാൾ ആഘോഷിക്കുകയാണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ഒരുമക്കരങ്ങൾ കൊണ്ട് തുഴഞ്ഞ് തോല്പിച്ച ദൈവത്തിന്റെ സ്വന്തം ജനതയ്ക്കുള്ള സമ്മാനം കൂടിയാണ് മുഹമ്മദ് സുബ്ഹാന്റെ പുഞ്ചിരിപ്പിറന്നാൾ. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവരടക്കം ഒരായിരം പേർക്ക് ഹൃദയം നിറഞ്ഞ് നന്ദി പറയുന്നുണ്ട് സാജിതയും ഭർത്താവ് ജബീലും. ഒരമ്മ തന്റെ കുഞ്ഞിനായി സാഹസികതയുടെ ഏതറ്റം വരെയും പോകും എന്നതിന്റെ നേർച്ചിത്രമാണ് ഇനി എന്നെന്നും സാജിത. തന്റെയുള്ളിലെ ജീവന്റെ തുടിപ്പിനെ ഭൂമിയിലെത്തിക്കാനായി ശാരീരിക ബുദ്ധിമുട്ടുകളെയെല്ലാം കാറ്റിൽ പറത്തുക മാത്രമായിരുന്നു ആകെ മുന്നിലുണ്ടായിരുന്ന വഴി. അതിന് വേണ്ടി പൂർണാരോഗ്യമുള്ളവർ പോലും ഒന്നു മടിച്ചു നിൽക്കുന്ന, ചങ്കിടിച്ചു പോകുന്ന എയർലിഫ്ടിംഗിന് നിറവയറുമായി നിന്ന സാജിത സമ്മതം മൂളുകയായിരുന്നു.
പക്ഷേ ആ സംഭവം പിന്നീട് ചരിത്രമാകുമെന്ന് ഒരിക്കൽ പോലും സാജിത ചിന്തിച്ചിരുന്നില്ല. ഇത് തന്റെ രണ്ടാംജന്മമാണെന്ന് വിശ്വസിക്കാനാണ് ഈ അമ്മയ്ക്കിഷ്ടം. മകനെ നെഞ്ചോട് ചേർത്ത് ഒരിക്കൽ കൂടി ചുംബനം നൽകിയിട്ട് അവനെ ചേട്ടന്മാർക്കൊപ്പം കളിക്കാൻ വിട്ട് ജബീലും സാജിതയും ഉദ്വേഗത്തിന്റെ ആ ദിവസങ്ങളും മണിക്കൂറുകളും ഓർത്തെടുത്തു. കഴിഞ്ഞു പോയ ആ നിമിഷങ്ങളെല്ലാം ഇപ്പോഴും ഒരു മഴക്കാലമായി ഇവരുടെ മനസിൽ പെയ്തിറങ്ങുന്നുണ്ട്.
2018 ആഗസ്റ്റ് 15, ആലുവ ചൊവ്വരയിലുള്ള വാടക വീട്ടിലെ മുറിയിലിരുന്ന് പുറത്ത് തകർത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു സാജിത. അഞ്ചുനാൾ കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന പുതിയ അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് നാലുവയസുകാരൻ ന ഈമും ഒന്നരവയസുകാരൻ നുഐമും ഉമ്മയ്ക്കൊപ്പം കൂട്ടിരുന്നു. ഇടമുറിയാത്ത ആ കർക്കടകപ്പെയ്ത്തിന്റെ രൂപവും ഭാവവും മാറിയത് പെട്ടെന്നായിരുന്നു. വാർത്തകളിലൂടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയത് അറിയുന്നുണ്ടായിരുന്നെങ്കിലും അപ്പോഴും തങ്ങൾ സുരക്ഷിതരാണെന്ന ഒരു വിശ്വാസം സാജിതയ്ക്കുണ്ടായിരുന്നു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ വീടിനും ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അയൽവാസികൾ പലരും ഓടിയെത്തി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാജിതയോടും ബന്ധുക്കളോടും പറഞ്ഞതോടെ ഭീതി കൂടി. നോക്കി നിൽക്കെ, പെരിയാർ നിറഞ്ഞു കവിഞ്ഞ് ഇരച്ചെത്തിയ വെള്ളം വീടിന്റെ പകുതിയോളം മുക്കി കഴിഞ്ഞിരുന്നു.
രാത്രിക്ക് രാത്രി കുഞ്ഞുമക്കളെയുമെടുത്ത് നിറവയറുമായി സാജിതയും ഒപ്പം ഉമ്മയും ഉപ്പയും അനിയത്തിയും തൊട്ടടുത്തുള്ള ഹിദായത്തുൽ ഇസ്ളാം മദ്രസയിലുള്ള ക്യാമ്പിലെത്തി. ജീവനും പിടിച്ചുള്ള ഓട്ടത്തിനിടയിൽ നനഞ്ഞ മഴയോ നീന്തിക്കടന്ന വെള്ളക്കെട്ടോ ഒന്നും സാജിത ശ്രദ്ധിച്ചിരുന്നില്ല. തന്റെയുള്ളിലുള്ള ജീവന് വേണ്ടിയായിരുന്നു ആ സമയത്തെ പ്രാർത്ഥന മുഴുവൻ. ഇടവും വലവുമായി മറ്റു രണ്ട് കുഞ്ഞുങ്ങളെയും ചേർത്തു നിറുത്തിയിട്ടുണ്ട്. അവരെത്തുമ്പോഴേക്കും ക്യാമ്പിൽ എഴുന്നൂറോളം പേരുണ്ടായിരുന്നു. കുഞ്ഞുമക്കളുള്ള ഗർഭിണിയെന്ന പരിഗണനയിൽ സാജിതയ്ക്കും കുടുംബത്തിനും പള്ളിയുടെ മുകൾ നിലയിൽ ഒരു മുറി ലഭിച്ചു. അടുത്ത ദിവസമെങ്കിലും മഴ മാറണേയെന്ന പ്രാർത്ഥനയോടെ ആ രാത്രി അവിടെ കഴിച്ചുകൂട്ടി. പക്ഷേ, പിറ്റേന്ന് നേരം വെളുത്തപ്പോഴും മഴ കൂടുതൽ രൗദ്രഭാവത്തിലായി. ക്യാമ്പിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചു കയറാൻ തുടങ്ങി. താഴെയുള്ളവരും മുകൾ നിലയിലേക്ക് എത്തി. ചുറ്റിനും കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്ന അവസ്ഥ. ക്യാമ്പിലാകെ അസ്വസ്ഥതയുടെയും ഭീതിയുടെയും നിമിഷങ്ങൾ. ചുരുങ്ങിയ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ട കുറേയധികം പേർ, അവർക്കൊക്കെയും പങ്കുവയ്ക്കാനുണ്ടായിരുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്.
പെട്ടെന്നാണ് സാജിതയ്ക്ക് എന്തോ അസ്വാഭാവികത തോന്നിയത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് വാട്ടർബ്രേക്കാണുണ്ടായതെന്ന് മനസിലായി. എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഉമ്മയോട് കാര്യം പറഞ്ഞു. ക്യാമ്പിൽ പലരോടായി അന്വേഷിച്ചപ്പോൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഉഷയും അവിടെ അന്തേവാസിയാണെന്ന് അറിഞ്ഞു. വിവരമറിഞ്ഞ് ഉഷയെത്തി സാജിതയെ നോക്കി. അതുവരെ തന്നെ നോക്കിയിരുന്ന ആലുവ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രഹ്നയെ വിളിച്ച് സാജിത കാര്യങ്ങൾ അറിയിച്ചു. ഡോക്ടർ ഫോണിലൂടെ നഴ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി, അനങ്ങാതെ ചരിഞ്ഞു കിടക്കാൻ സാജിതയോട് പറഞ്ഞു. അതനുസരിച്ചെങ്കിലും സ്ഥിതി വഷളാവുകയാണെന്ന് വീട്ടുകാർക്ക് തോന്നി. ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. സാജിതയുടെ അനിയത്തി മാഷിതയും കൂട്ടുകാരികളും തങ്ങളുടെ അവസ്ഥ സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ചു.
നിമിഷങ്ങൾക്കകം മാദ്ധ്യമങ്ങളിലെല്ലാം വാർത്ത നിറഞ്ഞു. അപ്പോഴേക്കും താഴത്തെ നില പൂർണമായും മുങ്ങിയിരുന്നു. സംഭവസ്ഥലത്തേക്ക് എത്താൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും കുത്തിയൊഴുകുന്ന പ്രളയജലത്തെ തോല്പിക്കാൻ അവർക്കുമായില്ല. ഏതാണ്ട് മനസ് ചലനമറ്റ പോലെയായിരുന്നുവെന്ന് സാജിത ഓർത്തെടുത്തു. മക്കളെയോർത്തപ്പോൾ സങ്കടം വല്ലാതെ കൂടി. ഒടുവിൽ നേവിയിൽ ജോലിയുള്ള ബന്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു.
പിറ്റേ ദിവസം, ആഗസ്റ്റ് 17. രാവിലെ എട്ടുമണിയോടെ കമാൻഡിംഗ് ഓഫീസർ വിജയ് വർമ്മയുടെ നേതൃത്വത്തിൽ നേവി ഹെലികോപ്ടർ സാജിതയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. രണ്ടുതവണ ആ പ്രദേശത്ത് എത്തിയെങ്കിലും ക്യാമ്പ് കണ്ടുപിടിക്കാനാവാതെ നേവി സംഘത്തിന് തിരികെ മടങ്ങേണ്ടി വന്നു. വീണ്ടും പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങൾ. നേവി സംഘം സാജിതക്കായി വീണ്ടും തിരച്ചിൽ തുടർന്നു.
മൂന്നാം തവണ ഹെലികോപ്ടർ ജുമാ മസ്ജിദിന് മുകളിലെത്തിയപ്പോൾ ക്യാമ്പിലുള്ളവരെല്ലാം ശബ്ദമുണ്ടാക്കിയും തുണി വീശിയും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ, സാഹചര്യങ്ങൾ അപ്പോഴും പ്രതികൂലമായി കരുന്നു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും കമ്പികളുമുള്ളിടത്തേക്ക് ഹെലികോപ്ടർ ഇറക്കുകയെന്നത് തീർത്തും അപ്രായോഗികം. ഒടുവിൽ കമാൻഡറും ഡോക്ടറും ഹെലികോപ്ടറിൽ നിന്നും കയറിലൂടെ താഴെയിറങ്ങി സാജിതയെ കണ്ടു. അപ്പോഴേക്കും സാജിതയുടെ അവസ്ഥ മോശമായി തുടങ്ങിയിരുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായിരുന്നു ഡോക്ടറിന്റെ നിർദേശം.
ചുറ്റിലും വെള്ളം നിറഞ്ഞതോടെ എയർലിഫ്ടിംഗ് മാത്രമായിരുന്നു ഏക പോംവഴി. എന്നാൽ അതിനുള്ള ആരോഗ്യം സാജിതയ്ക്കുണ്ടോ എന്ന് സംശയമുയർന്നു. ഒടുവിൽ സാജിതയെ പരിശോധിച്ച ശേഷം ഡോക്ടർ, സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കി എയർലിഫ്ടിംഗിന് പച്ചക്കൊടി കാട്ടി. അതോടെ, അന്നുവരെ ഹെലികോപ്ടർ യാത്ര സ്വപ്നത്തിൽ പോലും കാണാതിരുന്ന സാജിതയെ തേടി ആ നിമിഷവുമെത്തി. സിനിമയിൽ കാണും പോലെ കയറിൽ തൂങ്ങിപ്പിടിച്ച് അതിൽ കയറുകയെന്നത് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നാൽ, വയറ്റിലുള്ള കുരുന്നു ജീവനും കൺമുന്നിലുള്ള രണ്ടു കുഞ്ഞുങ്ങളും ജീവിച്ചേ മതിയാകൂ എന്ന ദൃഢനിശ്ചയവും അവൾക്ക് കരുത്തേകി.
നാട്ടുകാരുടെ പിന്തുണ കൂടിയായപ്പോൾ എയർലിഫ്ടിംഗിലൂടെ സാജിത ആകാശത്തേക്കുയർന്നു. ആ മനോഹരമായ ചിത്രം നേവി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെ ലോകം മുഴുവൻ അത് നെഞ്ചേറ്റുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. ഒമ്പതരയോടെ കൊച്ചി തേവരയിലുള്ള നേവിയുടെ സഞ്ജീവനി ആശുപത്രിയിൽ സാജിതയെ എത്തിച്ചു. പ്രാഥമിക പരിശോധനയും ചികിത്സയും കഴിഞ്ഞ് ലേബർ റൂമിലേക്ക്. ഉച്ചയ്ക്ക് 2.15ന് കുഞ്ഞിക്കരച്ചിലുമായി സാജിതയുടെ മുന്നിലേക്ക് അവൻ എത്തി. രക്ഷകരായെത്തിയ നേവി ഉദ്യോഗസ്ഥർ അവനെ മുഹമ്മദ് സുബ്ഹാൻ എന്ന് വിളിച്ചു, അതെ, പേരിനർത്ഥം പോലെ മഹത്വപ്പെട്ടവൻ!