മഹാദുരന്തത്തിന്റെ പതിനൊന്ന് ദിവസങ്ങൾക്കപ്പുറം ഉയിർത്തെഴുന്നേറ്റ കേരളം ഒരു വർഷത്തിന് ശേഷം അതിജീവനത്തിന്റെ പാതയിലാണ്. 324 ജീവനുകളെടുത്ത മഹാപ്രളയം ബാക്കിവച്ചത് നഷ്ടങ്ങളുടെ കണക്കുപുസ്തകം മാത്രം. അന്താരാഷ്ട്ര സഹായത്തോടെ, ഇനി ഒരു ദുരന്തത്തിനും തകർക്കാനാവാത്ത തരത്തിൽ കേരളം പുനർനിർമ്മിക്കപ്പെടുമ്പോഴും മായാതെ നിൽക്കുന്നത് ലോകം അത്ഭുതത്തോടെ കണ്ടുനിന്ന രക്ഷാദൗത്യത്തിന്റെ ഓർമ്മകളാണ്. തലയ്ക്കു മുകളിൽ നിറഞ്ഞ വെള്ളത്തിലും ഉരുൾപൊട്ടി തകർന്ന മലമടക്കുകളിലും കുടുങ്ങി കിടന്നവരെ യുദ്ധമുഖത്തെന്ന പോലെ കർമ്മോത്സുകമായി ജീവിതത്തിലേക്ക് കൈപിടിച്ചത് കര, വ്യോമ, നാവിക, തീരസംരക്ഷണ സേനകൾ, ദേശീയ ദുരന്തനിവാരണസേന, മത്സ്യത്തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവരുടെ കൂട്ടായ്മയാണ്.
രക്ഷാദൗത്യത്തിനിറക്കിയ ചെറുബോട്ടുകൾ പ്രളയ ജലത്തിൽ ഒഴുകിയെത്തിയ വൃക്ഷങ്ങളിലിടിച്ച് തകർന്നു. സെക്രട്ടേറിയറ്റ് കൺട്രോൾ റൂമിൽ കര,വ്യോമ,നാവികസേനകളിലെ ഉന്നതർ കുതിച്ചെത്തി. പുലർച്ചെ ആദ്യ വെളിച്ചം വന്നപ്പോൾ മുതൽ വ്യോമസേനാ ഹെലികോപ്ടറുകൾ രക്ഷാദൗത്യത്തിന് പുറപ്പെട്ടു. വീടുകൾക്ക് മുകളിൽ കുടുങ്ങിയവരെ പൊക്കിയെടുത്തു. മത്സ്യത്തൊഴിലാളികൾ കുട്ടവഞ്ചിയിലും മോട്ടോർ ഡിങ്കിയിലും ആളുകളെ രക്ഷിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതോടെ വീടുകളുടെ ടെറസുകളിൽ സേനകൾ ഹെലികോപ്ടർ ലാൻഡ് ചെയ്ത് രക്ഷാദൗത്യം തുടങ്ങി. ഹെലികോപ്ടറുകളിൽ രക്ഷപ്പെടുത്തിയവരെ കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡ് കപ്പലിൽ ഇറക്കി.
നദികൾ കര കവിയുകയും 24 അണക്കെട്ടുകൾ തുറന്നുവിടുകയും ചെയ്തതോടെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനത്തതോടെ 11ജില്ലകൾ വെള്ളത്തിലായി. സെക്കൻഡിൽ ഏഴരലക്ഷം ലിറ്റർ വെള്ളം പുറന്തള്ളിയ ചെറുതോണി അണക്കെട്ടിന്റെ ജലതാണ്ഡവം കരപ്രദേശങ്ങളെ തൂത്തെറിഞ്ഞു. ബോട്ടുകളോ വള്ളങ്ങളോ എത്താത്ത ഉൾപ്രദേശങ്ങളിൽ ആയിരങ്ങൾ മരണം മുന്നിൽ കണ്ടു. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ മരുന്നും വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. കിഴക്കൻമലയിൽ നിന്നുള്ള പെരുവെള്ളത്തിൽ ഒഴുകിയെത്തിയ വിഷപ്പാമ്പുകളും ഉരഗങ്ങളും ചെങ്ങന്നൂർ, തിരുവല്ല, ആറന്മുള മേഖലയിൽ ഭീതി പരത്തി.
36 മണിക്കൂറിനപ്പുറം വെള്ളവും ഭക്ഷണവുമില്ലാതെ പിടിച്ചുനിൽക്കാൻ അസാദ്ധ്യമാണെന്നിരിക്കെ, കോരിച്ചൊരിയുന്ന മഴയിൽ അഞ്ചാം ദിവസവും പതിനായിരങ്ങൾ ടെറസുകളിൽ ഒറ്റപ്പെട്ടു. വൈദ്യുതിയില്ലാതായതോടെ ഇൻസുലിനും ജീവൻ രക്ഷാമരുന്നുകളും ലഭിക്കാതെ വീടുകളിൽ കുടുങ്ങിക്കിടക്കുന്ന വൃദ്ധർ അവശനിലയിലായി.
കുടിവെള്ളം കിട്ടാതായതോടെ മഴവെള്ളം കുടിച്ചാണ് ജീവിതം തള്ളിനീക്കിയത്. വ്യോമസേന എല്ലാദിവസവും ഹെലികോപ്ടറിൽ ഒരുലക്ഷം ഭക്ഷണപ്പൊതികൾ വീതം എത്തിച്ചു കൊടുത്തു. ചെറുബോട്ടുകൾക്കും ഡിങ്കി ബോട്ടുകൾക്കുമൊന്നും ഇറങ്ങാനാവാത്ത ആ കുത്തൊഴുക്ക് വകവയ്ക്കാതെ മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് നീന്തിയെത്തി കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെടുത്തു.ആലപ്പുഴയിൽ നിന്നെത്തിച്ച വലിയ യന്ത്രവത്കൃത ബോട്ടുകളും സൈന്യത്തിന്റെ കൂറ്റൻ ബോട്ടുകളുമായിരുന്നു രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടു നിന്നത്. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ നൽകാത്തവരെ അറസ്റ്റ് ചെയ്ത് ബോട്ടുകൾ സർക്കാർ പിടിച്ചെടുത്തു. വ്യോമസേനാ ഹെലികോപ്ടറുകൾ തുടർച്ചയായി എയർലിഫ്ടിംഗ് നടത്തി കുടുങ്ങിപ്പോയവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. 14 ജില്ലകളിലുമായി 10 ലക്ഷംപേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയാർത്ഥികളെപ്പോലെ ദിവസങ്ങളോളം കഴിഞ്ഞു.
കൈക്കുഞ്ഞുങ്ങളെയും ഗർഭിണികളെയും സൈന്യം ഹെലികോപ്ടറിൽ ജീവിതത്തിലേക്ക് പൊക്കിയെടുക്കുകയായിരുന്നു. കരസേനയുടെ 110, നാവികസേനയുടെ 104, കോസ്റ്റ്ഗാർഡിന്റെ 74 ബോട്ടുകൾ, മൂന്നുസേനകളുടെയും 17 അത്യാധുനിക ധ്രുവ് ഹെലികോപ്ടറുകൾ, നാവികസേനയുടെ നാല് സീകിംഗ് ഹെലികോപ്ടറുകൾ, വ്യോമസേനയുടെ 15എം.ഐ -17 ഹെലികോപ്ടറുകളടക്കം 49 ഹെലികോപ്ടറുകൾ എന്നിവയെല്ലാം രക്ഷയ്ക്കെത്തി. ദുരിതാശ്വാസസാമഗ്രികളുമായി 10 എ.എൻ -32 അടക്കം 27വിമാനങ്ങൾ കേരളത്തിലേക്ക് പറന്നെത്തി. പ്രളയം തകർത്ത പാലങ്ങൾ പുനർനിർമ്മിച്ചും ഒറ്റപ്പെട്ടുപോയവരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചും മഴവെള്ളം കുടിച്ച് ദിവസങ്ങൾ തള്ളിനീക്കിയവർക്ക് ഭക്ഷണവും വെള്ളവും മരുന്നുമെത്തിച്ചും സേനകൾ കാട്ടിയ കരുതൽ കേരളം മറക്കില്ല.
ലക്ഷക്കണക്കിനാളുകളുടെ ജീവൻരക്ഷിച്ച് അഗ്നിശമനസേനയും പൊലീസും രക്ഷാദൗത്യത്തിൽ പുതുചരിത്രമെഴുതി. ദുരന്തമുഖത്ത് കേന്ദ്രസേനകൾ എത്തുന്നതിനും മുൻപേ രക്ഷാപ്രവർത്തനം തുടങ്ങിയത് അഗ്നിരക്ഷാസേനയും പൊലീസുമാണ്. ആദ്യഘട്ട രക്ഷാദൗത്യത്തിൽ 90 ശതമാനവും നടത്തിയത് അഗ്നിശമനസേനയായിരുന്നു.
3000 മുങ്ങൽ വിദഗ്ദ്ധരെയാണ് പ്രളയ മേഖലകളിൽ വിന്യസിച്ചത്. സേനാമേധാവി ഡി. ജി. പി എ . ഹേമചന്ദ്രൻ നേരിട്ടാണ് രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ചത്. 40,000 പൊലീസുകാരാണ് രക്ഷാദൗത്യത്തിനിറങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ 400 ബോട്ടുകളിൽ രക്ഷൗദൗത്യവും ഏകോപിപ്പിച്ചു. ഡി .ജി .പി ലോക്നാഥ് ബെഹറയാണ് പൊലീസിന്റെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്.