കരസേന
'ഓപ്പറേഷൻ സഹയോഗ് " എന്നു പേരിട്ട ദൗത്യത്തിലൂടെ പതിനായിരക്കണക്കിനാളുകളുടെ ജീവനാണ് കരസേന രക്ഷിച്ചത്. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കമാൻഡർ, ബ്രിഗേഡിയർ സി.ജി. അരുൺ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇടുക്കിയിലേക്ക് സൈന്യത്തെ അയച്ചതോടെ ആഗസ്റ്റ് ഒൻപതിന് 'ഓപ്പറേഷൻ സഹയോഗ് " ആരംഭിച്ചു. ഇതേസമയം വടക്കൻ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി. മലയോരത്ത് ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ നദികൾ കരകവിഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ചു പോയി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോപ്സിനെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലേക്കയച്ചു.
ബംഗളുരുവിലെ കേരളാ ആൻഡ് കർണാടക സബ് ഏരിയയാണ് രക്ഷാദൗത്യം ഏകോപിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കരസേനാംഗങ്ങളും എൻജിനിയറിംഗ് ദൗത്യസംഘങ്ങളും ബംഗളുരുവിൽ നിന്ന് പാരാ റെജിമെന്റും പറന്നെത്തി.ബംഗളുരു കേരളാ ആൻഡ് കർണാടക സബ് ഏരിയ മേധാവി മേജർ ജനറൽ സഞ്ജീവ് നരേനായിരുന്നു ഓപ്പറേഷൻ സഹയോഗിന്റെ സാരഥി. പാങ്ങോട് 91ഇൻഫെൻട്രി ബ്രിഗേഡിന്റെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി.അരുൺ, കണ്ണൂർ ഡി.എസ്.സി കമാൻഡന്റ് കേണൽ അജയ് ശർമ്മ എന്നിവരായിരുന്നു ഏകോപനം.
വ്യോമസേന
തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണവ്യോമ കമാൻഡിൽ നിന്നാണ് 'ഓപ്പറേഷൻ കരുണ' എന്ന രക്ഷാദൗത്യം വ്യോമസേന ഏകോപിപ്പിച്ചത്. ദക്ഷിണ വ്യോമസേനാ കമാൻഡ് മേധാവി എയർമാർഷൽ ബി.സുരേഷായിരുന്നു നായകൻ. തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയ, കോയമ്പത്തൂർ സുളൂർ വ്യോമസേനാ താവളം, കൊച്ചി നേവൽ ബേസിലെ ഐ.എൻ.എസ് ഗരുഡ എന്നിവിടങ്ങളിൽ നിന്ന് വ്യോമദൗത്യങ്ങൾ നടത്തി. വ്യോമസേനാ ഹെലികോപ്ടറുകളും കൂറ്റൻ യാത്രാവിമാനങ്ങളും രക്ഷാദൗത്യത്തിൽ സജീവമായി. കരിപ്പൂർ വിമാനത്താവളം, പാലക്കാട്, വർക്കല, വയനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ഹെലിപാഡുകൾ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ ഹെലികോപ്ടറുകൾ കുടുങ്ങിക്കിടന്നവരെ എത്തിച്ചു. ഒരാഴ്ചക്കാലം കരസേന, ദുരന്തനിവാരണ സേന എന്നിവയെ കേരളത്തിലേക്കെത്തിക്കുക, ദുരന്തമേഖലകളിൽ വിന്യസിക്കുക എന്നിവയായിരുന്നു ചുമതലകൾ. എൻ.ഡി.ആർ.എഫ്, ബി.എസ്.എഫ്, മെഡിക്കൽ സംഘങ്ങളെയും രക്ഷാസാമഗ്രികളും വ്യോമസേനാവിമാനങ്ങൾ കേരളത്തിലെത്തിച്ചു. എ.എൻ-32, സി1 30ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-17ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ തിരുവനന്തപുരത്തും കോഴിക്കോട്ടുമെത്തി. ആഗസ്റ്റ് 15 മുതൽ 26 ഹെലികോപ്റ്ററുകളിൽ വ്യോമസേന എയർലിഫ്ടിംഗ് തുടങ്ങി. ലക്ഷക്കണക്കിനാളുകൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എയർഡ്രോപ്പ് ചെയ്തു. കൈക്കുഞ്ഞുങ്ങൾ മുതൽ 100 വയസുള്ള വരെയായി 600പേരെ എയർലിഫ്റ്റിംഗ് നടത്തി.
നാവികസേന
'ഓപ്പറേഷൻ മദദ് " എന്ന രക്ഷാദൗത്യമാണ് നാവികസേനയും കോസ്റ്റ്ഗാർഡും നടത്തിയത്. ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽ ചൗളയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മാർക്കോസ് എന്നറിയപ്പെടുന്ന മറൈൻ കമാൻഡോകളും ഡൈവിംഗ് വിദഗ്ദ്ധരും ജെമിനിബോട്ടുകളും ഹെലികോപ്ടറുകളും ദൗത്യത്തിലുണ്ടായിരുന്നു. പൂർണഗർഭിണിയെ എയർലിഫ്ട് നടത്തിയത് നാവികസേനയാണ്. 60സംഘങ്ങളെയാണ് നാവികസേന രക്ഷാദൗത്യത്തിനയച്ചത്. ഐ.എൻ.എസ് ഗരുഡയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്ടറുകൾ തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ കുടുങ്ങിക്കിടന്നവരെ എയർലിഫ്ട് ചെയ്തു.
നാവികസേനയുടെ ഐ.എൻ.എസ് ദീപക് 900 ടൺ കുടിവെള്ളം കൊച്ചിയിലെത്തിച്ചു. ഭക്ഷണം, വെള്ളം, ലൈഫ് ജാക്കറ്റുകൾ എന്നിവയുമായി ഐ.എൻ.എസ് മൈസൂർ മുംബയിൽ നിന്നെത്തി. 1.56 ലക്ഷം ഭക്ഷണപ്പൊതികൾ നേവി വിതരണം ചെയ്തു. ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാൻ കൊച്ചിയിൽ നാവികസേന കമ്മ്യൂണിറ്റി കിച്ചൺ തുറന്നു. എട്ടുലക്ഷം ലിറ്റർ കുടിവെള്ളവുമായി നാവികസേനയുടെ ഐ.എൻ.എസ് ദീപക് ടാങ്കറും വെള്ളം ശുദ്ധീകരിക്കാനുള്ള ആർ.ഒ പ്ലാന്റുകളും ദുരിതാശ്വാസ സാമഗ്രികളുമായി ഐ.എൻ.എസ് മുംബയും കൊച്ചിയിലെത്തി. കൊച്ചിയിലെ ഡി.ഐ.ജി സനാതൻ ജനയുടെ നേതൃത്വത്തിലായിരുന്നു കോസ്റ്റ്ഗാർഡിന്റെ രക്ഷാദൗത്യം. വിമാനങ്ങളും ബോട്ടുകളും കപ്പലുകളും കോസ്റ്റ്ഗാർഡ് എത്തിച്ചു. വിഴിഞ്ഞം കോസ്റ്റ്ഗാർഡ് കമാൻഡർ വി.കെ.വർഗീസും രക്ഷാദൗത്യത്തിന്റെ നായകനായി.