''ഒന്നും തിരിച്ചാഗ്രഹിച്ചിട്ടായിരുന്നില്ല അന്ന് ഇറങ്ങി പുറപ്പെട്ടത്. ആ സമയത്ത് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒരുപാട് പേർക്ക് സഹായമായപ്പോൾ വലിയ സന്തോഷം തോന്നി. ഏറ്റവും എളുപ്പമുള്ള പണിയല്ലേ ചവിട്ടുപടിയായി നിൽക്കുക എന്നത്." ജൈസലിന്റെ വാക്കുകളിൽ ഇപ്പോഴുമുണ്ട് ഉള്ളിലെ തെളിച്ചം.
ഇരുപതോളം കുടുംബങ്ങളെയാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജൈസലും കൂട്ടരും പ്രളയ കാലത്ത് രക്ഷപ്പെടുത്തിയത്. ജീവൻ മുറുകെ പിടിച്ച് കരഞ്ഞ പല മുഖങ്ങളും ഇപ്പോഴും ഈ മത്സ്യത്തൊഴിലാളിയുടെ ഓർമ്മയിലുണ്ട്. ''ബ്ലീഡിംഗ് ഉണ്ടായ ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞാണ് ഞങ്ങൾ അവിടെയെത്തുന്നത്. എങ്ങനെയും അവരെ അവിടെ നിന്ന് രക്ഷപ്പെടുത്തണം. ചെന്നപ്പോൾ അവസ്ഥ തീരെ മോശമാണ്. പലരുടെയും കരച്ചിൽ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. പ്രായമായ ആൾക്കാർക്കൊന്നും നടന്നുപോകാനോ വലിഞ്ഞു കയറാനോ സാധിക്കില്ലല്ലോ. ബോട്ടിൽ കയറാൻ പലർക്കും ഉയരം തടസമായപ്പോഴാണ് സ്വന്തം മുതുക് ചവിട്ട് പടിയാക്കാമെന്ന് തോന്നിയത്.
ഭാരം മുഴുവൻ മുതുകിൽ വന്നപ്പോഴും വേദന കടിച്ചമർത്തി നിന്നു. ഇതിലും വലിയ വേദനകൾ നീന്തിക്കടന്നിട്ടുണ്ടല്ലോ എന്നതായിരുന്നു ധൈര്യം. പലരും ജീവൻ മറന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുതുകിൽ ചെരുപ്പിട്ട് കയറിയവരും ഉണ്ട്. കൂട്ടത്തിൽ നിന്നവരൊക്കെ അവരോട് ചെരുപ്പ് ഊരിമാറ്റാൻ പറഞ്ഞിരുന്നു. പക്ഷേ അതിലൊന്നും എനിക്ക് പരാതിയില്ല. ആ സമയത്തെ അവരുടെ ടെൻഷൻ കൊണ്ടാകാം അങ്ങനെ ചെയ്തത്. പിന്നീട് ആ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ചെയ്ത കാര്യം എനിക്ക് മനസിലായത്. "" ജൈസൽ ആ ദിവസം ഒരിക്കൽ കൂടി ഓർത്തെടുത്തു.
പ്രളയകാലത്തെ ഓർമ്മച്ചിത്രങ്ങളുടെ കണക്കെടുത്താൽ മുതുക് ചവിട്ട് പടിയായി നൽകിയ ജൈസലിനെ മാറ്റി നിറുത്താനാകില്ല. ലോകം ഏറെ അഭിമാനത്തോടെ കൈയടിച്ച കാഴ്ചയായിരുന്നു അത്. പ്രളയാനന്തര കേരളം പക്ഷേ ജൈസലിനെ മറന്നില്ല. അനുമോദനങ്ങളും സ്വീകരണങ്ങളും നൽകി ആദരിച്ചു. ഷീറ്റ് കൊണ്ട് മറച്ച, ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറാൻ കഴിഞ്ഞതിൽ ജൈസൽ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു.
''സ്വന്തമായി വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് വളരെ നന്നായി അറിഞ്ഞൊരാളാണ് ഞാൻ. അതുകൊണ്ട് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ വേദന മറ്റാരെക്കാളും നന്നായി എനിക്ക് മനസിലാകും. " "സ്വന്തമായി ഒരു വീടുണ്ടായതിന്റെ സന്തോഷം ജൈസൽ മറച്ചു വയ്ക്കുന്നില്ല.