ചെങ്ങന്നൂർ പാണ്ടനാട് ആശുപത്രി ജംഗ്ഷനിലെ ശ്രീഹരി ഹോട്ടൽ നാട്ടുവർത്തമാനങ്ങളുടെ കേന്ദ്രമാണ്. നീന്തി രക്ഷപ്പെട്ടതിന്റെയും വീടുകൾ തകർന്നതിന്റെയും സാധനങ്ങളും വളർത്തുമൃഗങ്ങളും ഒഴുകിപ്പോയതിന്റെയും നിരവധി കഥകൾ ദിവസവും ഇവിടെ നിറയുന്നു. മദ്ധ്യതിരുവിതാംകൂറിൽ രക്ഷ തേടിയുള്ള മുറവിളികൾ ഏറെ കേട്ടത് താഴ്ന്ന പ്രദേശമായ പാണ്ടനാട് നിന്നായിരുന്നു. പമ്പയാറിന്റെ ഇരു കരകളിലായി പതിമൂന്ന് വാർഡുകൾ ഉൾപ്പെടുന്നതാണ് പാണ്ടനാട് പഞ്ചായത്ത്. പ്രളയത്തിൽ എല്ലാ വാർഡുകളും മുങ്ങി. മൂന്ന് പേർ മരണപ്പെട്ടു.
മത്സ്യബന്ധന ബോട്ടുകളിലും ഹെലികോപ്ടറുകളിലുമായി തീരം പിടിച്ചവരാണ് രക്ഷപ്പെട്ടവരിലേറെയും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ നിലംപൊത്തിയ വീടുകൾ കണ്ട് തകർന്നുപോയവരുമുണ്ട്. എന്നാൽ പ്രളയത്തിന്റെ ഒന്നാം ഒാർമ വർഷത്തിലും പഴയ ജീവിതത്തിലേക്കുള്ള നാടിന്റെ മടക്കം പാതി വഴിയിലാണ്. പഞ്ചായത്തിൽ എന്തെങ്കിലുമൊക്കെ നാശം സംഭവിക്കാത്ത വീടുകൾ അപൂർവം. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നടപടികൾ പാണ്ടനാട്ട് പൂർണമായിട്ടില്ല. തുക ലഭിച്ചവർ വീടുകൾ പുതുക്കിപ്പണിയുന്ന തിരക്കിലാണ്. സർക്കാർ സഹായം വൈകുന്നതിനാൽ കാത്ത് നിൽക്കാതെ പലിശയ്ക്ക് കടം വാങ്ങി അതിജീവനത്തിന്റെ പാത തുറന്നവരും കുറവല്ല.
ഒരു വർഷമായി ദുരിതാശ്വാസ ക്യാമ്പിൽ
പാണ്ടനാട് വെസ്റ്റ് ഹോമിയോ ആശുപത്രിയുടെ മുകളിലാണ് പന്ത്രണ്ടാം വാർഡിലെ ഒത്തന്റെകുന്നിൽ വീട്ടിൽ പഞ്ചവന്റെയും അനുജൻ അനിലിന്റെയും കുടുംബങ്ങൾ ഒരു വർഷമായി താമസിക്കുന്നത്. കെട്ടിടത്തിന്റെ ടെറസിൽ ആസ്ബസ്റ്റോസ് റൂഫിനടിയിൽ സാരികൾ മറയാക്കിയാണ് ജീവിതം. പമ്പയാറിനോട് ചേർന്ന ഇവരുടെ വീട് പ്രളയത്തിൽ തകർന്നു. വീടുകൾ നിന്ന ഭാഗത്ത് ഇപ്പോൾ മൺകൂന മാത്രം. പുതിയ വീടിന് വേണ്ടി പഞ്ചായത്തിലും വില്ലേജിലും താലൂക്കിലും അപേക്ഷ കൊടുത്തെങ്കിലും ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം കൊടുത്തവരുടെ പട്ടികയിൽ പഞ്ചവനും അനിലും ഇല്ല. ഇനിയും പ്രതീക്ഷ വിടാതെ കഴിയുകയാണ് ഇൗ കുടുംബങ്ങൾ. തുറന്നു കിടക്കുന്ന ഇവരുടെ 'ദുരിതാശ്വാസ ക്യാമ്പിൽ" കയറിച്ചെന്നപ്പോൾ ആരുമുണ്ടായിരുന്നില്ല. മക്കളെ സ്കൂളിൽ വിട്ട് പഞ്ചവനും അനിലും ഭാര്യമാരും കൂലിപ്പണിക്കുപേയി. എപ്പോഴും വെള്ളം നിറയുന്ന വെള്ളൂർപാടത്തിനരികിൽ മൂന്നര സെന്റ് സ്ഥലത്തെ വീടിനുള്ളിലാണ് ഇരു കുടുംബവും കഴിഞ്ഞിരുന്നത്. വാസയോഗ്യമായ ഭൂമി കണ്ടുപിടിച്ചാൽ വീട് വയ്ക്കാൻ പണം അനുവദിക്കാമെന്നാണ് റവന്യു അധികൃതരുടെ നിലപാട്.
ഭിത്തികൾ പിളർന്ന വീട്ടിൽ ഭീതിയോടെ
പാണ്ടനാട് ഏഴാം വാർഡിൽ മിത്രമഠം ജംഗ്ഷനിൽ കൊച്ചുപാങ്ങാട് മോഹനകുമാറിന്റെ വീടിന് പിന്നിൽ നിന്ന് നാലുമീറ്റർ ദൂരമേയുളളൂ പമ്പയാറ്റിലേക്ക്. പ്രളയത്തിൽ ഒാടിട്ട വീടിന്റെ മേൽക്കൂര വരെ മുങ്ങിയിരുന്നു. ജംഗ്ഷനിൽ മോഹനന്റെ അമ്മ ലീലാമ്മ നടത്തിയ മാടക്കട മണ്ണിടിഞ്ഞ് തകർന്നു വീണു. വെള്ളം ഇറങ്ങിയപ്പോൾ ഭിത്തികൾ പിളർന്ന വീടാണ് അവശേഷിച്ചത്. വാതിലിനോട് ചേർന്ന ഭിത്തിയുടെ വിടവിലൂടെ പമ്പയാർ കാണാം. അടുക്കള നിലംപൊത്താറായി. ''പകൽ കാറ്റടിക്കുമ്പോൾ ഞങ്ങൾ വീടിന് വെളിയിൽ ഇറങ്ങി നിൽക്കും. രാത്രിയിൽ എന്തും സംഭവിച്ചോട്ടെ എന്നു കരുതി അകത്ത് കിടന്നുറങ്ങും. ഒഴുക്കിൽ തടികൾ വന്നിടിച്ചും വെള്ളം കെട്ടി നിന്നുമാണ് ഭിത്തികൾ പിളർന്നത്.
സിമന്റുപാളികൾ അടർന്നുവീഴുന്നുണ്ട്. വീടിന് അപേക്ഷയും അപ്പീലും കൊടുത്തു. അധികൃതരുടെ പരിശോധന നടന്നു. ഒന്നും കിട്ടിയില്ല.""മോഹനന്റെ ഭാര്യ സുലേഖ പറഞ്ഞു. സർക്കാർ സഹായം വൈകുന്നതിനാൽ പലിശയ്ക്ക് കടം കൊടുക്കുന്നവർ പാണ്ടനാട് ഏറെക്കാലം തമ്പടിച്ചിരുന്നു. അവരിൽ നിന്ന് പണം പലിശയ്ക്കെടുത്ത് മോഹനൻ പുതിയ മാടക്കട വാങ്ങി മിത്രമഠം ജംഗ്ഷനിൽ വച്ചു.
കാൻസർ രോഗിയായ ഭർത്താവ് ദിവാകരനെയും കൊണ്ട് നെഞ്ചറ്റം വെള്ളത്തിലൂടെ നടന്ന് രക്ഷപെട്ടതിന്റെ ഭയം നിറഞ്ഞ ഒാർമയിലാണ് പാണ്ടനാട് പതിമൂന്നാം വാർഡിൽ കാവ്പറമ്പിൽ സരോജിനി. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ചു വന്നപ്പോൾ അടിത്തറ താഴ്ന്ന് ചരിഞ്ഞ വീടാണ് കണ്ടത്. സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച 2.5ലക്ഷം രൂപയും സമ്പാദ്യവും ചേർത്ത് പുതിയ വീട് പണിയുകയാണ് സരോജിനി. കാലതാമസമില്ലാതെ നഷ്ടപരിഹാരം ലഭിച്ചു. വീടിനോട് ചേർന്ന ഷെഡിലാണ് ദിവാകരനും സരോജിനിയും താമസിക്കുന്നത്.