മഴക്കാറൊന്ന് മൂടിയാൽ ഓർമ്മകളുടെ സങ്കടപ്പെരുമഴയാണിവർക്ക്. ഓരോ മഴത്തുള്ളിയും കാണാമറയത്തെ പ്രിയപ്പെട്ടവരുടെ കണ്ണുനീരാണ്. പ്രളയപ്പെരുമഴയിൽ ആർത്തുലച്ച മൺകൂനകൾ ഒരായുസ് മുഴുവൻ നീറിയാലും തീരാത്ത വേദനയാണ്. മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ രണ്ട് വീടുകൾക്ക് പിറകിൽ മണ്ണിടിഞ്ഞ് 12 ജീവനുകളാണ് പൊലിഞ്ഞത്. പ്രളയം താണ്ഡവമാടിയ ആഗസ്റ്റ് 15ന് പുലർച്ചെ രണ്ടിനായിരുന്നു പൂച്ചാലിൽ വീടിനുള്ളിൽ ചെളിയിൽ പുതഞ്ഞ് മൂന്നുപേർ മരിച്ചത്. ഇതിന്റെ നടുക്കംമാറും മുമ്പെ പകൽ 11.50ഓടെ പെരിങ്ങാവിൽ വീടിന് പിറകിലെ കോഴിക്കൂട് മാറ്റുന്നതിനിടെ ഒമ്പതുപേരും മണ്ണിനടിയിലായി. പൂച്ചാലിലെ മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞ് മുൻകരുതലായി സാധനങ്ങൾ മാറ്റുകയായിരുന്നു അവർ.
ഈ മൺസൂണിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളുടെ വീർപ്പുമുട്ടലിലായിരുന്നു ബന്ധുക്കൾ. പൂച്ചാലിലെ ദുരന്തം ഉപ്പ കണ്ണനാരി അസീസ്(40), ഉമ്മ സുനീറ(35), കൊച്ചനിയൻ ഉബൈദ് (6) എന്നിവരെ തട്ടിയെടുത്തപ്പോൾ ഉവൈസും (21), ഉനൈസും (19) ഒരുനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി. അർദ്ധരാത്രി രണ്ടിന് വീടിന് പിറകിലെ 40 അടിയോളം ഉയരത്തിലുള്ള കുന്ന് ഇരമ്പിവരുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നതായിരുന്നു ഇരുവരും. ഒരുകിടപ്പുമുറിയിൽ അടുത്തടുത്ത് ഉറക്കത്തിലായിരുന്നു ഉപ്പയും ഉമ്മയും കൊച്ചനിയനും. ജനൽ തകർത്ത് കല്ലുംമണ്ണും ഇവിടേക്ക് ഇരച്ചുകയറി. ഈ മുറിയുടെ എതിർവശത്തായിരുന്നു ഉനൈസും ഉവൈസും കിടന്നത്. മാതാപിതാക്കളെയും കൊച്ചനിയനെയും രക്ഷിക്കാനായി മുറി തുറക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. വീടിന് മുകളിലേക്ക് കയറി അലറി വിളിച്ചാണ് നാട്ടുകാരെ വിവരമറിയിച്ചത്. കനത്ത മഴയും കൂരിരിട്ടും മൂലം രക്ഷാപ്രവർത്തകർക്ക് രണ്ട് മണിക്കൂർ കഴിഞ്ഞാണ് വീട്ടിൽ പ്രവേശിക്കാനായത്. ഉറക്കത്തിലെന്ന പോലെ തൊട്ടടുത്തായിരുന്നു മൃതദേഹങ്ങൾ
.
ബി.കോം മൂന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ഉവൈസ് ഇപ്പോൾ കോഴ്സ് പൂർത്തിയാക്കി തുടർപഠനം ലക്ഷ്യമിട്ടിരിക്കുകയാണ്. പൂച്ചാലിലെ നടുക്കും മാറുംമുമ്പെയാണ് പെരിങ്ങാവിൽ ഒരുകുടുംബത്തിലെ അഞ്ച് പേരടക്കം ഒമ്പതുപേരെ മണ്ണ് വിഴുങ്ങിയത്. പാണ്ടികശാല ബഷീർ (47), ഭാര്യ സാബിറ (40), മക്കളായ മുഷ്ഫിഖ് (14), ഫാത്തിമ ഫായിസ (19), ബഷീറിന്റെ സഹോദരന്റെ ഭാര്യ ഖൈറുന്നീസ (36), അയൽവാസികളായ മാനുമ്മൽ മുഹമ്മദലി (48), മകൻ സഫ്വാൻ (26), സി.പി ജംഷിക്കിന്റെ മകൻ ഇർഫാനലി (17), കൊടപ്പുറം ചെമ്പ്രച്ചോല മൂസ (45) എന്നിവരെയാണ് മരണം കവർന്നെടുത്തത്. പകുതിയോളം മണ്ണിനടയിൽപ്പെട്ട നിലയിൽ അയൽവാസി മുഹമ്മദാലിയെ രക്ഷപ്പെടുത്താനായി. ബഷീറിന്റെ സഹോദരൻ അസ്കറും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. പൂച്ചാലിലെ മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞ് വീടിന് പിന്നിലെ സാധനങ്ങൾ എടുത്തുമാറ്റാൻ പോയതായിരുന്നു ബഷീറും കുടുംബവും അയൽവാസികളും. ഇതിനിടയിലാണ് മലയിടിഞ്ഞ് വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ടത്.