km-basheer

കോഴിക്കോട്: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച്‌ മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബഷീറിന്റെ സഹോദരൻ അബ്ദുൾ റഹ്‍മാൻ പറഞ്ഞു.

കേസിൽ തുടക്കം മുതൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും സാക്ഷികൾ മൊഴിമാറ്റുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോ​ദരൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബഷീർ വീട്ടിലേക്ക് അവസാനമായി വന്നതെന്നും നാല് മാസം മുമ്പാണ് പുതിയ വീടിന്റെ പണികഴിപ്പിച്ചതെന്നും അബ്ദുൾ റഹ്‍മാൻ പറഞ്ഞു. ബഷീറിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ആവശ്യമായ സഹായം സർക്കാർ ചെയ്യണമെന്നും മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബത്തിന് ആഗ്രഹമുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.

മാദ്ധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് മേധാവിയെയും വിവരങ്ങളറിയിച്ച ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും രക്തസാമ്പിൾ ശേഖരിക്കാനും പൊലീസ് തയ്യാറായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡി.സി.പിയുടെ സംഘം സ്വകാര്യാശുപത്രിയിലെത്തി രക്തസാമ്പിൾ ശേഖരിച്ചത്. അപ്പോൾ അപകടമുണ്ടായി 10 മണിക്കൂർ കഴിഞ്ഞിരുന്നു.

അതേസമയം, ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരിൽ നടന്നു. കുടുംബ വീടിന് അടുത്ത് പുലർച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.