police

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഒാടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരണമടഞ്ഞ കേസിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതാക്കാൻ പൊലീസ് സകല കളിയും കളിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ കവാത്ത് മറന്ന പൊലീസ് സിറ്റി പൊലീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് കള്ളക്കളികൾ പയറ്റിയത്.

കള്ളക്കളികൾ -1

ശ്രീറാം മദ്യലഹരിയിൽ ആണെന്നറിഞ്ഞിട്ടും ഉടൻ രക്തപരിശോധന നടത്തിയില്ല. പത്ത് മണിക്കൂറിനു ശേഷം രക്തത്തിൽ ആൽക്കഹോളിന്റെ അളവു കുറഞ്ഞപ്പോൾ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ശ്രീറാമിന് രക്ഷപെടാൻ പഴുതൊരുക്കും.

 2 ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസിനെ മൊഴിയെടുക്കാതെ ഊബർ ടാക്സി വിളിച്ച് വീട്ടിലേക്കു വിട്ടു. കാറോടിച്ചത് യുവതിയാണെന്നാണ് ശ്രീറാം പറഞ്ഞത്. എന്നിട്ടും ഇവരെ വിട്ടയച്ചത് തെളിവ് നശിപ്പിക്കാനായിരുന്നു. മ്യൂസിയം സ്റ്റേഷനിൽ വനിതാപൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് ഇതിന് ന്യായമായി പൊലീസ് പറയുന്നത്.

3 സ്റ്റേഷൻജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി ശ്രീറാമിനെ രക്ഷിക്കാനായിരുന്നു കരുനീക്കങ്ങൾ. മദ്യലഹരിയിൽ വാഹനം ഓടിച്ച് ആളെക്കൊന്നാൽ ജാമ്യമില്ലാവകുപ്പായ ഐ.പി.സി-304ആണ് ചുമത്തേണ്ടത്. അതിന് പകരം മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കുള്ള 304 (എ) വകുപ്പ് ചുമത്താനായിരുന്നു കള്ളക്കളി.

4 ക്രൈംനമ്പർ ഇടാതെയാണ് ശ്രീറാമിനെ ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രൈംനമ്പർ ഇല്ലാതിരുന്നതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടർ രാകേഷ് വെളിപ്പെടുത്തി. ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്ന് മ്യൂസിയം ക്രൈം എസ്.ഐ കേസ് ഷീറ്റിലെഴുതിയിട്ടും രക്തസാമ്പിൾ ശേഖരിക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. രക്തപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം വേണമെന്നും കൈയ്‌ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചെന്നുമാണ് ഡി.സി.പി സഞ്ജയ് കുമാർ ഗുരുദിന്റെ വിശദീകരണം. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ജനറലാശുപത്രിയിലെ ഡോക്ടർ ഫയലിലെഴുതിയതോടെ പൊലീസിന്റെ ഒത്തുകളിക്ക് തിരിച്ചടിയായി.

5 വൈദ്യപരിശോധനയും രക്തപരിശോധനയും നടത്താതെ വഫാ ഫിറോസിനെ വിട്ടയച്ചത് മാദ്ധ്യമപ്രവർത്തകർ ചോദ്യംചെയ്തതോടെ, നാലു മണിക്കൂർ കഴിഞ്ഞ് പുലർച്ചെ അഞ്ചരയോടെയാണ് വഫയെ പൊലീസ് വിളിച്ചുവരുത്തിയത്. ജനറലാശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി. വഫ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. ചോദ്യംചെയ്തപ്പോൾ കാറോടിച്ചത് താനല്ല, ശ്രീറാമാണെന്നും അയാൾ മദ്യലഹരിയിലായിരുന്നെന്നും വഫ ഫിറോസ് വെളിപ്പെടുത്തി.

6 മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ശ്രീറാം സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. അത് പൊലീസ് തടഞ്ഞില്ല.

7 മാദ്ധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് മേധാവിയെയും വിവരങ്ങളറിയിച്ച ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും രക്തസാമ്പിൾ ശേഖരിക്കാനും പൊലീസ് തയ്യാറായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡി.സി.പിയുടെ സംഘം സ്വകാര്യാശുപത്രിയിലെത്തി രക്തസാമ്പിൾ ശേഖരിച്ചത്. അപ്പോൾ അപകടമുണ്ടായി 10മണിക്കൂർ കഴിഞ്ഞിരുന്നു.

8 കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്‌സാക്ഷികളായ രണ്ട് ആട്ടോഡ്രൈവർമാർ വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഇവരെ ഓടിച്ചുവിട്ടു. പുരുഷനാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്നും കാർ അമിതവേഗതയിൽ ആയിരുന്നെന്നുമാണ് ആട്ടോ ഡ്രെെവർ ഷെഫീഖിന്റെ വെളിപ്പെടുത്തൽ. തന്റെ ആട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത്, വളവിൽ വളയാതെ നേരേ പോയി ബൈക്കിനെ ഇടിച്ചിട്ടെന്നും ഡ്രൈവർ പുരുഷനായിരുന്നെന്നുമാണ് മണിക്കുട്ടന്റെ വെളിപ്പെടുത്തൽ. കാറോടിച്ചത് മെലിഞ്ഞ, ഉയരമുള്ള പുരുഷനാണെന്നാണ് ദൃക്‌സാക്ഷി ജോബിയുടെയും മൊഴി. ഇവരുടെയെല്ലാം മൊഴിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. സർക്കാർ ഇടപെട്ടതോടെയാണ് ദൃക്സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

9 വഫ മൊഴിമാറ്റിയിട്ടും കാറോടിച്ചത് ശ്രീറാമാണെന്ന് പൊലീസ് സമ്മതിച്ചില്ല. ഉത്തരവാദിത്വം വഫയുടെ തലയിൽ വച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ കള്ളക്കളിക്ക് പൊലീസ് കൂട്ടുനിൽക്കുകയായിരുന്നു. അമിത വേഗതയിൽ പായുന്ന കാറിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പൂഴ്‌ത്തി. പക്ഷേ കാർ മിന്നൽപോലെ പാഞ്ഞുപോവുന്നതിന്റെ പബ്ലിക്ഓഫീസിലെ സിസി ടിവി ദൃശ്യം ചാനലുകൾ പുറത്തുവിട്ടു. പൊലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പരസ്യമായി വിമർശിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ ഡി.ജി.പിയെ വിളിച്ച് അതൃപ്തി അറിയിച്ച ശേഷമാണ് കാറോടിച്ചത് ശ്രീറാം തന്നെയെന്ന് രാവിലെ പതിനൊന്നേകാലോടെ പൊലീസ് വെളിപ്പെടുത്തിയത്. പിന്നാലെ ശ്രീറാമിന്റെ മൊഴി ഡി.സി.പി രേഖപ്പെടുത്തി.

''പൊലീസിന് ഗുരുതര വീഴ്ചയാണുണ്ടായത്. ഐ.എ.എസുകാർക്ക് മാത്രമായി ഒരു നിയമമില്ല. രക്തസാമ്പിളെടുക്കാൻ വൈകിപ്പിച്ചത് പ്രതിയെ രക്ഷപെടുത്തുന്നതിന് തുല്യമാണ്.''

-ജസ്റ്റിസ് കെമാൽപാഷ