തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് താൻ ഡോക്ടറാണെന്നാണ് ശ്രീറാം പറഞ്ഞത്. തുടർന്ന് വാഹനം ഓടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസാണെന്നും ശ്രീറാം പൊലീസിനോട് പറഞ്ഞു. എന്നാൽ ആളെ അറിയാത്തതുകൊണ്ട് 'നീ ഇങ്ങോട്ട് മാറിനിൽക്ക്, നീയല്ലേ ഓടിച്ചത്' എന്നു പൊലീസ് ചോദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
ഉടൻ തന്നെ ആംബുലൻസ് എത്തി. താൻ നിന്നാൽ പോരേ, യുവതിക്കു പോകാൻ അനുവാദം തരണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. ടാക്സി വിളിച്ച് വഫയെ അതിൽ കയറ്റിവിട്ടു. തുടർന്ന് പൊലീസ് ശ്രീറാമിനെ കൊണ്ടുപോയി. അരമണിക്കൂറിൽ കാറും പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്നു.
എന്നാൽ പൊലീസ് വരുന്നത് മുമ്പു തന്നെ ഡ്രൈവിങ് സീറ്റിലിരുന്ന ശ്രീറാം പുറത്തിറങ്ങി മരത്തിനു ചുവട്ടിൽ വീണു കിടന്ന ബൈക്കുകാരനെ എടുത്ത് കാറിലേക്കു കയറ്റാൻ ശ്രമിച്ചിരുന്നുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതി 'ഈ വണ്ടി പോകില്ലെന്ന്' പറഞ്ഞതോടെയാണ് റോഡിലേക്ക് ഇറക്കിക്കിടത്തിയത്. ശ്രീറാമിന്റെ കാൽ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ശാസ്തമംഗലം സ്വദേശി വ്യക്തമാക്കുന്നുണ്ട്.