ഇടുക്കി: മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ വിമർശിച്ച് ദേവികുളം എം.എൽ.എ എസ് രാജേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കെ.എം ബഷീറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു എം.എൽ.എയുടെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമനെ മാദ്ധ്യമപരിലാളിത ഐ.എ.എസ് ബ്യൂറോക്രാറ്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു എസ്.രാജേന്ദ്രന്റെ കുറിപ്പ്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അന്ന് പ്രതികരിക്കാത്തവർ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ എന്നും ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കാതെ മരണപെട്ട ആ മനുഷ്യന്റ കുടുംബത്തിനെന്തെങ്കിലും ചെയ്യൂ എന്നും കമന്റുകളുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാതി രാത്രി മദ്യപിച്ച് അപകടകരമായി ഡ്രൈവ് ചെയ്ത് ഒരു മനുഷ്യജീവനെടുക്കുക. അതും മാധ്യമപരിലാളിത ഐ.എ.എസ് ബ്യൂറോക്രാറ്റ്.. പാചകം ചെയ്ത വാർത്താ കോളങ്ങളിൽ സൃഷ്ടിച്ചെടുത്ത നന്മമരങ്ങൾ ഓരോന്നോരോന്നായി കടപുഴകുകയാണ്.. കാലം കാത്തുവച്ച കാവ്യനീതി പോലെ. കെ എം ബഷീറിന് ആദരാഞ്ജലികൾ.