amit-shah

ശ്രീനഗർ: ജമ്മു കാശ്മീരിൽ പടയൊരുക്കത്തിന് സമാനമായി സൈനികവിന്യാസം നടത്തി ഇന്ത്യ. 38,000 സൈനികരെയാണ് ഇന്ത്യൻ സൈന്യം ഇവിടെ വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സൈന്യത്തെ കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്നത്. രണ്ടു ബാച്ചുകളായാണ് സൈനികരെ കേന്ദ്രം വിന്യസിച്ചിരിക്കുന്നത്. 10,000 സൈനികരടങ്ങിയ ഒരു ബാച്ചും, 28,000 സൈനികരുൾപ്പെട്ട മറ്റൊരു ബാച്ചുമാണ് താഴ്വരയിലേക്ക് എത്തിയിരിക്കുന്നത്. നിലവിൽ 90,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. ഇത് കൂടാതെയാണ് പുതിയ ബാച്ചുകൾ എത്തുന്നത്.

സൈനികരെ കാശ്മീരിൽ എത്തിച്ചത് സൂചിപ്പിച്ച് കശ്മീരിലെ സ്ഥിതിഗതികളിൽ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കശ്മീരിലെ സ്ഥിതിഗതികൾ ഏറെ പുരോഗമിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷൻ റെഡ്ഢി രാജ്യസഭയിൽ പറഞ്ഞിരുന്നു. 2019 ജനുവരി മുതൽ ജൂലൈ 14 വരെ 126 തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ടെന്നും റെഡ്ഢി രാജ്യസഭയിൽ പറഞ്ഞു.

കാശ്മീരിൽ അമർനാഥ് തീത്ഥാടകരേയും വിനോദസഞ്ചാരികളേയും ലക്‌ഷ്യം വച്ച് ഭീകരവാദ അക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് താഴ്വരയിലെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇവിടെ ഒരു പാകിസ്ഥാൻ ഭീകരവാദി പിടിയിലാവുകയും ഇയാളിൽ നിന്നും സ്‌നൈപ്പർ ഗൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.