തൃശൂർ: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും എത്ര വലിയ ഉന്നതാനായാലും തെറ്റ് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിർവഹണത്തിൽ തടസമാകില്ലെന്നും മോശം പെരുമാറ്റത്തിൽ കർക്കശനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലരുടെ മോശം പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ വിലകുറച്ച് കാണിക്കുന്നതായും ലോക്കപ്പ് മർദ്ദനവും കസ്റ്റഡി മരണവും സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസ് ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. ഏത് ഉന്നതനായാലും നിയമത്തിന്റെ കണ്ണിൽ പ്രത്യേക പരിഗണനയില്ല. തെറ്റ് ചെയ്തിട്ടുണ്ടോ, ആ തെറ്റ് ചെയ്തവർക്കെതിരെ സ്വാഭാവികമായും കർക്കശ നടപടിയെടുക്കും. ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ സ്ഥാനമോ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസമാകില്ല"- മുഖ്യമന്ത്രി വ്യക്തമാക്കി.
ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും ഒരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.