indian-army

ശ്രീനഗർ: ഇന്ത്യൻ സൈന്യം വധിച്ച പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീമിലെ(ബാറ്റ്‌) കമാൻഡോകളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാൻ പാകിസ്ഥാനോട് നിർദ്ദേശിച്ച് ഇന്ത്യ. എന്നാൽ ഈ നിർദ്ദേശത്തോട് പാകിസ്ഥാൻ ഇനിയും പ്രതികരിച്ചിട്ടില്ല. സമാധാന സൂചകമായി ഒരു വെള്ളക്കൊടിയുമായെത്തി മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 31 രാത്രിയും, ആഗസ്റ്റ് 1 പുലർച്ചെയുമാണ് കാശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയ്ക്കടുത്ത് വച്ച് ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ പാകിസ്ഥാൻ 'ബാറ്റ്' കമാൻഡോകളിൽ 4 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ മൃതദേഹങ്ങൾ ഇവിടെ പലയിടത്തായി ഇപ്പോഴും കിടക്കുകയാണ്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുടെ സമീപത്ത് വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാനെ ബൊഫോഴ്‌സ് വെടിക്കോപ്പുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞിരുന്നു. ഇന്ത്യയുടെ ഈ പ്രതികരണം പാകിസ്ഥാൻ ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ, ഗത്യന്തരമില്ലാതെ അവർ പിൻവലിയുകയായിരുന്നു. ബൊഫോഴ്‌സ് പീരങ്കികൾ സാധാരണയായി ഇന്ത്യ പ്രതിരോധത്തിന് ഉപയോഗിക്കാറില്ല. മികച്ച പരിശീലനം ലഭിച്ച കമാൻഡോകളെയാണ് പാകിസ്ഥാൻ ഈ ഒാപ്പറേഷന് ഉപയോഗിച്ചത്. എന്നിട്ടും ഇന്ത്യയുടെ മികച്ച പ്രതിരോധത്തിന് മുന്നിൽ 'ബാറ്റ്' പതറുകയായിരുന്നു. 155 എം.എം നിറകളാണ് ബൊഫോഴ്‌സ് പീരങ്കിയിൽ ഉപയോഗിക്കുന്നത്. അഞ്ച് തവണയാണ് ഇത്തരത്തിൽ നിയന്ത്രണ രേഖയിൽ അതിക്രമിച്ച് കയറാനും ആക്രമണം നടത്താനും ശ്രമിച്ചത്.