km-basheer

ദുബായ്: വാഹനാപകടത്തിൽ മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീറിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി വ്യവസായി എം.എ യൂസഫലി. കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മക്കളും അടങ്ങുന്ന കുടംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് എം.എ യൂസഫലി അറിയിച്ചു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പത്രപ്രവർത്തകനെയാണ് നഷ്ടമായതെന്ന് യൂസഫലി അനുശോചന കുറിപ്പിൽ പറഞ്ഞു.

ഇന്നലെ പുലർച്ചെ 12.55ന് വെള്ളയമ്പലം-മ്യൂസിയം റോഡിൽ പബ്ലിക് ഓഫീസിന് മുൻവശത്തായിരുന്നു അപകടം. പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ബൈക്കിൽ വെള്ളയമ്പലത്ത് സിറാജ് ഓഫീസിൽ എത്തിയശേഷം വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്സ് വാഗൺ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.