വേങ്ങര: കാമുകനെ തേടി ആൺവേഷത്തിൽ എത്തിയ ഹൈദരാബാദ് സ്വദേശിയായ യുവതിയെ പൊലീസ് വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് ആറോടെ കുറ്റൂർ പാക്കടപ്പുറായയിലാണ് യുവതി കാമുകനെ തേടിയെത്തിയത്. ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവിന്റെ വീട്ടിലാണ് യുവതിയെത്തിയത്.ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ യുവതിയെ പുറത്താക്കി ഗേറ്റ് അകത്തുനിന്നും പൂട്ടിയതോടെ യുവതി അയൽവീട്ടിലെ വരാന്തയിൽ കയറിയിരിപ്പായി.
താനും യുവാവും വിവാഹിതരാണെന്നും താൻ മുമ്പ് ഈവീട്ടിൽ വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു. എന്നാൽ അയൽവീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ യുവതി തയ്യാറായില്ല.തർക്കം മൂത്തതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വനിതാ പൊലീസ് അടക്കമുള്ള സംഘമെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരുടേയും പരാതി ഇല്ലാത്തതിനാൽ പൊലീസ് എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പൊലീസ് പെൺകുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തെലുങ്കും ഇംഗ്ലീഷും മാത്രം അറിയാവുന്ന യുവതി ബിരുദധാരിയാണെന്നും ആൺവേഷത്തിലാണ് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു.
ഹൈദരാബാദിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ യുവാവ് മടങ്ങിയെത്താത്തതിനാൽ യുവതി അന്വേഷിച്ച് മലപ്പുറത്തേക്ക് വരുകയായിരുന്നു.