shreeram-vekittaraman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യം കഴിച്ച ഐ.എ.എസുകാരുടെ ക്ലബിൽ പൊലീസ് ഇതുവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. ഇത് മാത്രമല്ല ക്ലബിലെ ആഘോഷ പരിപാടികളുടെ സി.സി.ടി.വി ദൃശ്യങ്ങളും ഇനിയും പൊലീസ് ശേഖരിച്ചിട്ടില്ല. ക്ളബിലെ പാർട്ടിക്കായി ആരൊക്കെ പണം മുടക്കിയെന്നും, ആരാണ് പാർട്ടി നടത്തിയതെന്നും അന്വേഷിക്കാനും പൊലീസ് മിനകെട്ടിട്ടില്ല.

ശ്രീറാം വെങ്കിട്ടരാമൻ വഫയോടൊപ്പം യാത്ര ചെയ്ത റോഡിലെ സി.സി,ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടില്ല. മാത്രമല്ല ശ്രീറാം ഓടിച്ച കാറിന് മറ്റ് തകരാറുകൾ ഉണ്ടോയെന്നറിയാനുള്ള മെക്കാനിക്കൽ പരിശോധനയും പൊലീസ് തന്ത്രപൂർവം ഒഴിവാക്കി. ഇത് കൂടാതെ ശ്രീറാമിന്റെ കൂടെ കാറിലുണ്ടായിരുന്ന പെൺ സുഹൃത്ത് വഫ ഫിറോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത് അവരെ കേസിൽ പ്രതിയാക്കിയ ശേഷം മാത്രമാണെന്നുള്ള വിവരവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

പ്രതിയുടെ മൊഴിക്ക് നിയമസാധുത കുറയുമെന്നതിനാലാണ് പൊലീസ് ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് ഉയരുന്ന ആരോപണം. അതേസമയം സംഭവത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിൽ 'സുഖചികിത്സയിൽ' കഴിയുകയാണ്. കൈയ്ക്ക് നിസാര പരിക്ക് സംഭവിച്ച ശ്രീറാം സ്വകാര്യ ആശുപത്രിയിലെ സൂപ്പർ ഡീലക്സ് മുറിയിലാണ് കഴിയുന്നത്. ശ്രീറാമിന് അടുത്ത് പരിചയമുള്ള ഡോക്ടർമാരാണ് ഇയാളെ ചികിത്സിക്കുന്നത്.