തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പോലെ വിദ്യാഭ്യാസ മേഖലയെയും സ്വകാര്യകുത്തകകൾക്ക് തീറെഴുതാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഘപരിവാർ കാലത്ത് മതേതര വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ സമ്പ്രദായത്തെ അസ്ഥിരപ്പെടുത്തി തങ്ങളുടെ നിഷിപ്ത താൽപര്യങ്ങൾ അടിച്ചേൽപിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഒരുവശത്ത് വിദ്യാഭ്യാസ സമ്പ്രാദയത്തെ ഔദ്യോഗികമായി ക്ഷയിപ്പിക്കുമ്പോൾ മറുവശത്ത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ശാസ്ത്രീയാവബോധത്തെിനെതിരെ അശാസ്ത്രീയ പ്രചരണം നടത്തി ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും സദാചാരമൂല്യങ്ങൾ തിരികെകൊണ്ടുവന്ന് ഇന്ത്യൻ ശിക്ഷാനിയമം പോലും ഭേദഗതി ചെയ്യാനുള്ള ശ്രമത്തിലൂടെ വിദ്യാഭ്യാസത്തിന്റെ പൂർണമായ കാവിവത്കരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. അക്കാഡമിക് സ്ഥാപനങ്ങളിലെ മതനിരപേക്ഷത തകർത്ത് അവിടെ വർഗീയരാഷ്ട്രീയം കുത്തിനിറയ്ക്കുകയാണ്. ശാസ്ത്രവും ചരിത്രവും തിരുത്തുന്നത് തെറ്റാണെങ്കിലും പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തിരുത്തുകൾ വരുത്തേണ്ടത് ശാസ്ത്രജ്ഞരോ ചരിത്രകാരന്മാരോ ആണ്. എന്നാൽ അധികാരത്തിന്റെ മറവിൽ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് സംഘപരിവാർ ചരിത്രം തിരുത്തുകയാണ്. അക്കാഡമിക് മേഖലയിൽ ചിട്ടയായ കാവിവത്കരണമാണ് നടക്കുന്നത്. എൻ.സി.ഇ.ആർ.ടി, ദേശീയ ചരിത്ര ഗവേഷണകൗൺസിൽ, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പുന:സംഘടനയിലെല്ലാം ആർ.എസ്.എസ് നേതാക്കളെ ഉൾപ്പെടുത്തിയത് അതിനാലാണ്. വിദ്യാർത്ഥികൾക്ക് ഉതകുന്ന തരത്തിലുള്ള കാലാനുസൃതമായ മാറ്റങ്ങൾ വേണം. എന്നാലത് വിദ്യാഭ്യാസ സമ്പ്രദായത്തെ അസ്ഥിരപ്പെടുത്തിയാവരുത്. മതനിരപേക്ഷതയും ശാസ്ത്രബോധവും സമത്വവും യാഥാർത്ഥ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമെ കഴിയൂ. എന്നാൽ ഇതിനെ തുരങ്കം വയ്ക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ ശക്തമായി തന്നെ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരൻ, എം.എൽ.എമാരായ മുഹമ്മദ് മുഹ്സീൻ, കെ.എസ്.ശബരിനാഥൻ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, തുടങ്ങിയവർ പങ്കെടുത്തു. ചീഫ് വിപ്പ് കെ.രാജൻ മോഡറേറ്ററായിരുന്നു, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ സ്വാഗതവും പി.കബീർ നന്ദിയും പറഞ്ഞു.