പ്രമുഖ ജർമ്മൻ അത്യാഡംബര ഹൈ-പെർഫോമൻസ് സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷേയ്ക്ക് ഇന്ത്യ പൊന്നും വിളയും ഭൂമിയാണ്. 2012ൽ ഇന്ത്യയിൽ എത്തിയതു മുതൽ പോർഷേ വിപണിയിലെത്തിച്ച ഓരോ മോഡലും ഇന്ത്യയിൽ വലിയ സ്വീകാര്യത നേടി. ഇന്ത്യയിലെ ഭാവി പദ്ധതികളെ കുറിച്ചും കേരള വിപണിയെ കുറിച്ചും പോർഷേ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
പോർഷേയുടെ ഓരോ മോഡലും ഇന്ത്യയിൽ വലിയ സ്വീകാര്യത നേടുന്നു. കേരള നിരത്തുകളിലും പോർഷേ ഇന്ന് സ്ഥിരം കാഴ്ചയാണ്. എന്താണ്, കേരളത്തിൽ നിന്നുള്ള പ്രതീക്ഷ?
തീർച്ചയായും പോർഷേ അതിവേഗ വളർച്ച നേടുന്ന വിപണിയാണ് കേരളം. ഇന്ത്യയിൽ പോർഷേയുടെ മൊത്തം വില്പനയിൽ 10-15 ശതമാനം കേരളത്തിൽ നിന്നാണ്. ഉയർന്ന ബ്രാൻഡുകളെ കുറിച്ചുള്ള ബോദ്ധ്യം, വിദ്യാസമ്പത്ത്, പ്രവാസികളുടെ സാന്നിദ്ധ്യം എന്നിവയാണ് കേരളത്തിൽ പോർഷേയ്ക്ക് ഗുണകരമാകുന്നത്.
പോർഷേ 2019ൽ ഇതുവരെ രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചു. കൂടുതൽ ലോഞ്ചിംഗുകൾ പ്രതീക്ഷിക്കാമോ?
ഏപ്രിലിലാണ് 911 കരേര എസ്., കരേര കാബ്രിയോളെ എന്നിവ വിപണിയിൽ എത്തിച്ചത്. 911 ശ്രേണിയിലെ എട്ടാംതലമുറ മോഡലുകളാണിവ. കരേര എസിന് 1.82 കോടി രൂപയും കാബ്രിയോളെയ്ക്ക് 1.99 കോടി രൂപയുമാണ് വില. ഇപ്പോൾ കോംപാക്റ്ര് എസ്.യു.വി ശ്രേണിയിൽ പുതിയ മകാൻ, മകാൻ എസ് എന്നിവയും അവതരിപ്പിച്ചു. 69.98 ലക്ഷം രൂപ മുതലാണ് വില.
പോർഷേ കയേൻ കൂപ്പേ 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ അവതരിപ്പിക്കും. സ്റ്രാൻഡേർഡ് കയേൻ വേർഷന്റെ കൂപ്പേ മോഡലാണിത്.
പോർഷേയുടെ ഇലക്ട്രിക് കാറുകൾ എന്ന് പ്രതീക്ഷിക്കാം?
ഇലക്ട്രിക് കാറുകൾക്കായി 'മിഷൻ-ഇ" എന്ന പദ്ധതി പോർഷേയ്ക്കുണ്ട്. 2020ന്റെ ആദ്യ പകുതിയിൽ ഞങ്ങളുടെ പ്രഥമ സമ്പൂർണ ഇലക്ട്രിക് കാറായ ടേയ്കാൻ ഇന്ത്യയിലെത്തും. മറ്ര് എസ്.യു.വികളെ പോലെ ശക്തമായ പെർഫോമൻസ് ടേയ്കാനും കാഴ്ചവയ്ക്കും.
പോർഷേയ്ക്ക് ഇന്ത്യയിൽ എത്ര ഡീലർഷിപ്പുകളുണ്ട്?
കൊച്ചിയിൽ ഉൾപ്പെടെ ആറു ഡീലർഷിപ്പുകളും എട്ട് സർവീസ് സെന്ററുകളും പോർഷേയ്ക്കുണ്ട്. ഡിമാൻഡ് വളർച്ച വിലയിരുത്തി കൂടുതൽ ഡീലർഷിപ്പുകൾ തുറക്കുന്നത് ആലോചിക്കും.
പോർഷേയുടെ യൂസ്ഡ് കാർ വില്പനയിലും ശ്രദ്ധവയ്ക്കുന്നതായി താങ്കൾ ഒരിക്കൽ പറഞ്ഞു. എന്തുകൊണ്ട് യൂസ്ഡ് കാറുകൾ?
പുതിയ കാർ വിപണി പോലെ പ്രധാന്യമർഹിക്കുന്നതും മികച്ച വളർച്ചയുള്ളതുമാണ് യൂസ്ഡ് കാർ വിപണി. ആഡംബര വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ മറ്ര് ബ്രാൻഡുകളിലേക്ക് പോകാതെ, പേർഷേയിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രീ-ഓൺഡ് കാറുകൾക്ക് അധിക വർഷ വാറന്റി പോർഷേ നൽകുന്നുണ്ട്.
2017ൽ 435 കാറുകളാണ് പോർഷേ ഇന്ത്യയിൽ വിറ്റഴിച്ചത്. 2018ൽ വില്പന 348 ആയി കുറഞ്ഞു. എന്താണ് ഈ തളർച്ചയ്ക്ക് കാരണം?
കഴിഞ്ഞവർഷം വില്പന കുറഞ്ഞുവെന്നത് വാസ്തവമാണ്. പക്ഷേ, തളർച്ച ഉണ്ടായിട്ടില്ല. കയേൻ എസ്.യു.വിയുടെ ലോഞ്ചിംഗ് വൈകിയത് കൊണ്ടുള്ള വില്പന കുറവ് മാത്രമാണത്. ഈവർഷം കരേറ, മകാൻ ശ്രേണികൾ പോർഷേ അവതരിപ്പിച്ചു. കയേൻ കൂപ്പേയും ഉടനെത്തും. 400-450 യൂണിറ്റുകൾ ഈവർഷം വില്ക്കാനാകുമെന്ന് കരുതുന്നു.
ഫോട്ടോ:
പവൻ ഷെട്ടി