റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനം 7ന്
കൊച്ചി: തുടർച്ചയായി മൂന്നുവട്ടമാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ നിർണയ യോഗങ്ങളിലായി റിപ്പോനിരക്ക് 0.75 ശതമാനം കുറഞ്ഞു. പക്ഷേ, അത് പോരെന്നും പലിശ ഇനിയും കുറയണമെന്നും ആവശ്യം ശക്തമാണ്. വിട്ടൊഴിയാത്ത സാമ്പത്തിക ഞെരുക്കം തന്നെ കാരണം.
2019 ജനുവരി-മാർച്ചിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച ആറുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏപ്രിൽ-ജൂൺ പാദത്തിലെ കണക്കുകളിലും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളില്ല. 2019ൽ വളർച്ച ഏഴ് ശതമാനത്തിൽ കൂടില്ലെന്ന് അന്താരാഷ്‌ട്ര നാണയ നിധിയും (ഐ.എം.എഫ്) വ്യക്തമാക്കിയിട്ടുണ്ട്.
സമ്പദ്‌വളർച്ച നിർണയിക്കുന്ന പ്രധാന ഘടകങ്ങളായ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ജൂണിൽ 50 മാസത്തെ താഴ്‌ചയായ 0.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. വാഹന വിപണി ഏറെക്കാലമായി തളർച്ചയിലാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടുലക്ഷത്തോളം പേർക്കാണ് ഈ മേഖലയിൽ 'പണി" പോയത്. പ്രതീക്ഷിച്ച മൺസൂൺ ലഭിക്കാത്തത്, കാർഷിക-ഗ്രാമീണ മേഖലയെയും തളർത്തി. പലിശഭാരം കുറച്ച്, പണലഭ്യത വർദ്ധിപ്പിക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണെന്ന് വാദിക്കപ്പെടുന്നു.
റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരണത്തിന് പ്രധാന മാനദണ്ഡമാക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത്, നാല് ശതമാനത്തിന് താഴെയെങ്കിൽ പലിശ കുറയ്‌ക്കാൻ തടസമില്ല. ജൂണിൽ 3.18 ശതമാനമായിരുന്നു നാണയപ്പെരുപ്പം. ഫലത്തിൽ, തുടർച്ചയായ നാലാംവട്ടവും പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കും.
പലിശയിറക്കത്തിന്
അനുകൂലം
വിപണിയിലാകെ നിലനിൽക്കുന്ന മാന്ദ്യം
ജി.ഡി.പി വളർച്ച ഇടിഞ്ഞേക്കുമെന്ന വിലയിരുത്തലുകൾ
ആശ്വാസനിരക്കിൽ തുടരുന്ന നാണയപ്പെരുപ്പം
പ്രതികൂലം
റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.75 ശതമാനം കുറച്ചെങ്കിലും ആനുപാതികമായി വായ്‌പാ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ തയ്യാറായിട്ടില്ല.
ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറിയത് ഇതുവരെ 0.30 ശതമാനം ഇളവ് മാത്രം.
ഇതിനോട് റിസർവ് ബാങ്കിനുള്ള ശക്തമായ നീരസം പലിശയിറക്കത്തിന് തടസം
നിരക്കുകൾ
ഇപ്പോൾ
റിപ്പോ നിരക്ക് : 5.75%
റിവേഴ്‌സ് റിപ്പോ : 5.50%
സി.ആർ.ആർ : 4.00%
എം.എസ്.എഫ് : 6.00%
എസ്.എൽ.ആർ : 18.75%
പലിശ ഇളവിന്റെ പാത
ആഗോള-ആഭ്യന്തര സമ്പദ്‌വളർച്ച ഇടിവിന്റെ ട്രാക്കിലാണെന്ന് ഐ.എം.എഫ് ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ആകെ 1.50 ശതമാനം വരെ റിപ്പോനിരക്കിൽ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കുമെന്ന് കരുതുന്നു. ഇതിനകം 0.75 ശതമാനം കുറച്ചു. ഈവർഷം ഇനിയുള്ള യോഗങ്ങളിലായി 0.75 ശതമാനം കൂടി ഇളവ് അനുവദിച്ചേക്കും.