മംഗളൂരു: കഫേ കോഫിഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥ പുഴയിലേക്കു മരണപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. ആത്മഹത്യ ചെയ്യാൻ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മർദ്ദം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഗവണ്മന്റ് വെൻലോക് ആശുപത്രിയിലെ ഡോക്ടർ രാജേശ്വരി പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പുഴയിൽ ചാടിയ ആദ്യനിമിഷം തന്നെ സിദ്ധാർത്ഥ മരിച്ചിരിക്കാമെന്നും അത് കാരണമാണ് ശരീരത്തിനുള്ളിൽ കൂടുതൽ വെള്ളം കയറാതിരുന്നതെന്നും 36 മണിക്കൂർ നേരം വരെ വെള്ളത്തിൽ കിടന്നിട്ടും ശരീരം വീർക്കുകയും മറ്റും ചെയ്യാതിരുന്നതെന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ മരണസമയത്ത് സിദ്ധാർത്ഥ് ധരിച്ചിരുന്ന ടീഷർട്ട് മൃതദേഹത്തിൽ കാണാതിരുന്നത് സംശയത്തിനിടയാക്കുന്നുണ്ട്. പുഴയിലേക്ക് ചാടും മുൻപ് രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാൻ കൈ കെട്ടാനോ മുഖം മൂടാനോ മറ്റോ ആകാം സിദ്ധാർത്ഥ ടീഷർട്ട് ഉപയോഗിച്ചതെന്നും ഡോക്ടർമാർ അനുമാനിക്കുന്നുണ്ട്.വെള്ളത്തിൽ വീണ ശേഷം ഇത് ഒഴുകി പോയതാകാം.
സിദ്ധാർത്ഥയുടെ മൊബൈൽ ഫോണും മൃതദേഹം പരിശോധിച്ചതിനിടെ തങ്ങൾക്ക് ലഭിച്ചതായി പൊലീസ് സമ്മതിച്ചിട്ടുണ്ട്. ഈ വിവരം നേരത്തെ പുറത്ത് വിട്ടാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും മുൻപ് സിദ്ധാർത്ഥയെ ഫോണിൽ ബന്ധപ്പെട്ടിരുന്നവർ പിന്നീട് ഈ വസ്തുത മറച്ചുവയ്ക്കും എന്നും മനസിലാക്കിയത് കൊണ്ടാണ് പൊലീസ് ഈ വിവരം മറച്ചുവച്ചത്.
സിദ്ധാർത്ഥയുടെ മറ്റൊരു മൊബൈൽ ഫോണും അദ്ദേഹത്തിന്റെ കാറിൽ നിന്നും ലഭിച്ചിരുന്നു. ഇരു ഫോണുകളിലെയും വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. കേസ് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സാധിക്കും എന്നാണ് പൊലീസ് കരുതുന്നത്. ബംഗളൂരുവിൽ കഫെ കോഫീ ഡേ ഡയറക്‌റ്റർ ബോർഡ് അംഗങ്ങളേയും ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.