travel

എങ്ങോട്ടേക്കാണ് യാത്ര? സ്ഥലങ്ങളുടെ ലിസ്റ്റുകളുടെ വൻ നിരതന്നെയുണ്ടാകും പ്ലാനിംഗ് ലിസ്റ്റിൽ. കേരളത്തിലെ ചെറു പ്രദേശങ്ങൾ മുതൽ ഇന്ത്യയുടെ അങ്ങേ അറ്റം വരെ. എന്നാൽ, യാത്രയ്ക്കൊപ്പം ഷോപ്പിംഗ് കൂടിയാണെങ്കിലോ? ഒരു യാത്രയിൽ കുറച്ച് ഷോപ്പിംഗ് നടത്താനും ഇഷ്ടപ്പെടുന്നവരുണ്ടാകും. ഷോപ്പിംഗും ആസ്വദിച്ച് കാഴ്ചകളും കണാനുള്ള സ്ഥലങ്ങളുണ്ട്. വിലപേശി സാധനങ്ങൾ വാങ്ങുന്നതിൽ മിടുക്കരാണ് ചിലർ. ഇന്ത്യയിൽ സ്ട്രീറ്റ് ഷോപ്പിംഗിന് പറ്റിയ കുറച്ച് സ്ഥലങ്ങളിതാ...

1-കൊമേഷ്യൽ സ്ട്രീറ്റ്-ബെംഗളൂരു

travel

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ് കൊമേഷ്യൽ സ്ട്രീറ്റ്. ഏറെ വെെവിധ്യങ്ങൾ നിറഞ്ഞതാണ് ഇവിടം. ഒപ്പം വിലക്കുറവിന്റെ മഹാമേളയും. ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധകവസ്തുക്കളുടെ ശേഖരം മുതൽ കുറഞ്ഞ നിരക്കിൽ ഡിസൈനർ വെഡിംഗ് ഡ്രസുകൾ വരെ എന്തും ഇവിടെ കിട്ടും. വിലയും കുറവാണ്. ഇവിടെയെത്തുന്ന കസ്റ്റമേഴ്സിൽ 90 ശതമാനവും സ്ത്രീകളാണ്.

2- ചെന്നൈയിലെ ജോർജ് ടൗൺ

travel

ദക്ഷിണേന്ത്യയിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് ചെന്നൈ. മികവും മിഴിവുമുള്ള ആഭരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, സ്റ്റേഷനറികൾ, തടിയിലും കല്ലിലും ലോഹത്തിലും തീർത്ത കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ ഇവിടെ പരതി കണ്ടത്തൊം.

സിൽക്കാണ് ചെന്നൈയുടെ മറ്റൊരു പെരുമ. ദക്ഷിണേന്ത്യൻ സിൽക്ക് സാരികൾ വിൽക്കുന്ന ധാരാളം സർക്കാർ എംപോറിയങ്ങൾ ചെന്നൈ നഗരത്തിൽ നിറയെയുണ്ട്. കാഞ്ചീപുരം സിൽക്കും തഞ്ചാവൂർ ലോഹ ശിൽപങ്ങളും കുംഭകോണം ആഭരണങ്ങളും മാമല്ലപുരത്തെ കല്ലിൽകൊത്തിയ കരകൗശലങ്ങളും ഇവിടെ കാണാം.

3-ചാർമിനാർ ബസാർ

travel

ഷോപ്പിംഗിന്റെ കാര്യത്തിൽ ഹെെദരാബാദിലെ ചാർമിനാർ ബസാറിനോളം ആകർഷിക്കുന്ന മറ്റൊരിടമില്ല. പേര് പോലെ തന്നെ ചാർമിനാറിന്റെ ചുവട്ടിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന വൻമരമാണ് ചാർമിനാർ ബസാർ. സുൽത്താന്മാരുടെ നഗരം എന്നുകൂടി വിളിപ്പേരുള്ള ഹൈദരാബാദ് ബിരിയാണിയുടെ പേരിൽ മാത്രമല്ല പ്രശസ്തം. ഹൈദരാബാദ് ശൈലിയിൽ ഉള്ള പ്രാദേശിക വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ ലോകപ്രശസ്ത ബസ്ര മുത്തുകൾ വരെ ചാർമിനാർ ബസാർ വാഗ്ദാനം ചെയ്യുന്നു. ഈ ബസാറിന്റെ ഏറ്റവും വലിയ പ്രത്യേകത വർണ്ണാഭവും ലോകപ്രസിദ്ധിയാർജ്ജിച്ചതുമായ ഹൈദരാബാദി മുത്തുകൾ തന്നെയാണ്

4-കൊളാബ കോസ്‌വേ മാർക്കറ്റ്-മുംബയ്

travel

ഷോപ്പിംഗിനാണ് കോസ്‌വേയിലേക്ക് ആളുകൾ കൂടു‌തലായും എത്തിച്ചേരുന്നത്. രുചികരമായ ഭക്ഷണ വിഭവങ്ങളാണ് കോസ്‌വേ‌യിലെ രണ്ടാമത്തെ ആകർഷണം. കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് കോസ്‌വേയിലെ മിക്കവാറും ഷോപ്പുകളും പ്രവർത്തിക്കുന്ന‌ത്. ഫുട്‌‌പാത്തിലൂടെ നടന്നു പോകുമ്പോൾ നിറയെ പാതയോര വാണിഭക്കാരേയും കാണാം. ആ‌വശ്യമുള്ള വസ്ത്രങ്ങളും ഷൂവും ആഭരണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഇഷ്ടത്തിനനുസരിച്ച് വില പേശി വാങ്ങാം.

ഫാൻസി വസ്ത്രങ്ങൾ മുതൽ പുരാതന വാച്ചുകൾ വരെ എല്ലാം സൂക്ഷിക്കുന്ന ഒറ്റവരി വിപണിയാണ് കൊളാബ കോസ്‌വേ മാർക്കറ്റ്. നിങ്ങൾ‌ക്കാവശ്യമുള്ളതെല്ലാം വിലപേശി വാങ്ങാൻ സാധിക്കും ഇവിടെ. ഫാഷനിസ്റ്റുകൾക്ക് സ്വർഗമാണ് ഈ മാർക്കറ്റ്. ഒപ്പം മുംബൈയുടെ തനത് രുചിയുൾപ്പെടെ വിളമ്പുന്ന അനേകം ഫുഡ് സ്റ്റാളുകളും ഇവിടെയുണ്ട്.

5-സരോജിനി മാർക്കറ്റ്-ഡൽഹി

travel

ഡൽഹി സന്ദർശിക്കുന്ന ആരും സരോജി മാർക്കറ്റ് കാണാതെ മടങ്ങില്ല. ഓരോ സ്ത്രീയുടെയും ഷോപ്പിംഗ് പറുദീസയാണ് സരോജിനി മാർക്കറ്റ്. സ്ത്രീകൾക്ക് യഥാർത്ഥ വിലയുടെ നാലിൽ ഒന്നിന് ബ്രാൻഡഡ് വസ്ത്രങ്ങൾ കൈപ്പിടിയിൽ ആക്കാവുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്. ബ്രാൻ‌ഡഡ് ടോപ്പുകൾ‌, ടി-ഷർ‌ട്ടുകൾ‌, ജീൻ‌സ് മുതൽ‌ ട്രെൻ‌ഡിംഗ് സ്റ്റഫുകളുടെ ഒരു അമുല്യ ശേഖരം ഈ മാർ‌ക്കറ്റിൽ‌ കാണാൻ സാധിക്കും.