accident

ആലപ്പുഴ: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവർ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രിയിൽ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാരാണ് ഇവർ.ഐ.എ.എസുകാർ ദൈവമല്ല, മനുഷ്യന്മാർ തന്നെയാണെന്നും ഐ.എ.എസ് കിട്ടുന്നതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണ്- സുധാകരൻ പറഞ്ഞു.

ഇന്നലെ പുലർച്ചെ 12.55ന് വെള്ളയമ്പലം-മ്യൂസിയം റോഡിൽ പബ്ലിക് ഓഫീസിന് മുൻവശത്തായിരുന്നു മാദ്ധ്യമപ്രവർത്തകൻ മരിക്കാനിടയായ അപകടം നടന്നത്. പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ബൈക്കിൽ വെള്ളയമ്പലത്ത് സിറാജ് ഓഫീസിൽ എത്തിയശേഷം വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്സ് വാഗൺ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സമയത്ത് മദ്യലഹരിലായിരുന്ന ശ്രീറാമിനൊപ്പം മോഡലും സുഹൃത്തുമായ വഫ ഫിറോസ് എന്ന യുവതിയുമുണ്ടായിരുന്നു.