നിരവധി നിഗൂഡതകൾ നിറഞ്ഞതാണ് രാജസ്ഥാനിലെ ദൗസാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാലാജി ക്ഷേത്രം. ഭൂതപ്രേതങ്ങളിൽ വിശ്വസിക്കാത്തവർ ഇവിടെ എത്തിയാൽ അത്ഭുതപ്പെടും. അത്രയേറെയുണ്ട് ബാധയൊഴുപ്പിക്കാനും പ്രേതങ്ങളുടെ അക്രമണങ്ങളിൽ നിന്ന് രക്ഷപെടാനുമായി എത്തുന്നവർ. ഹനുമാൻ, പ്രേതങ്ങളുടെ രാജാവായ പ്രേത് രാജ്, ഭൈരവൻ എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്. ആചാരങ്ങളിലൂടെയും ഉച്ഛാടനത്തിലൂടെയുമാണ് ഇവിടം ആളുകൾക്കിടയിൽ പ്രസിദ്ധമായത്.
ചൂടുള്ള വെള്ളം തലയിലൊഴിച്ച് പൊള്ളാതെ നിൽക്കുന്നതും മൃഗങ്ങളെപ്പോലെ ചങ്ങലയിൽ കെട്ടിയിടുന്നതും പ്രാർഥനയ്ക്കു ശേഷം പിറകോട്ട് തിരിഞ്ഞു നോക്കാതെ ക്ഷേത്രം വിടുന്നതുമെല്ലാം ഇവിടുത്തെ മാത്രം വിചിത്രമായ ആചാരങ്ങളാണ്. ബാലാജിയടെ അടുത്തെത്തി പ്രാർത്ഥിച്ചാൽ ദുഷ്ട ശക്തികൾ ഒഴിഞ്ഞു പോകും എന്നൊരു വിശ്വാസം ഇവിടുത്തുകാർക്കിടയിൽ ഉണ്ട്. ഇതു കേട്ടറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. പുരോഹിതൻമാർ തന്നെ ബാധകളെ ഒഴിപ്പിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രവും ഇതാണ്. ബാധ ഒഴിഞ്ഞ ആൾ ഇവിടെ നിന്നും തിരികെ പോകുമ്പോൾ തിരിഞ്ഞു നോക്കരുത് എന്നാണ് വിശ്വാസം. അങ്ങനെ നോക്കിയാൽ ഒഴിഞ്ഞ ബാധ വീണ്ടും അയാളിലേക്ക് കയറുമത്രെ.
ജയ്‌പൂരിൽ നിന്നും 66 കിലോമീറ്റർ അകലെ കരൗലി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ ക്ഷേത്രം സന്ദർശിക്കാനെത്തുന്നുണ്ട്.