മുംബൈ: ടെക് ലോകത്തെ ഭീമന്മാരായ ആമസോണും ഇന്ത്യൻ കമ്പനിയായ റിലയൻസും ഒന്നിക്കാൻ ഒരുങ്ങുന്നതായി സൂചന. റിലയൻസ് റീട്ടെയിലിന്റെ 26 ശതമാനം വിഹിതം വാങ്ങിക്കാനാണ് ആമസോൺ ഒരുങ്ങുന്നതെന്നാണ് സൂചന. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഓൺലൈൻ രംഗത്ത് വൻ സ്വാധീനമുള്ള ആമസോണുമായുള്ള ബന്ധം റിലയൻസിന് ഗുണകരമായി ഭവിക്കും. മാത്രമല്ല അമേരിക്കയിലെ അന്താരാഷ്ട്ര ഹൈപ്പർമാർക്കറ്റ് ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യൻ പടയോട്ടത്തിന് കൂച്ചുവിലങ്ങിടാനും ഈ സൗഹൃദത്തിലൂടെ ഇരുവർക്കും സാധിക്കും. അടുത്തിടെയാണ് വാൾമാർട്ട് 16 ബില്ല്യൻ ഡോളർ ഇന്ത്യൻ ഓൺലൈൻ ഇ-കോമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്ക്കാർട്ടിൽ നിക്ഷേപിച്ചത്.
ഇത്തരത്തിൽ ഒരു കരാർ ആമസോൺ റിലയൻസിന് മുൻപിൽ വച്ചു എന്നത് ശരിയാണെങ്കിലും റിലയൻസ് ആമസോണിനോടൊപ്പം ചേരുമോ എന്നുള്ള കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ല. ഇക്കാര്യത്തിൽ റിലയൻസ് ഇനിയും പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഒരു പ്രധാന എതിരാളിയെ മറികടന്ന് ബിസിനസ് രംഗം കൈയടക്കാനാണ് ആമസോൺ ശ്രമിക്കുന്നത്. റിലയൻസിൽ നിന്നും ഷെയറുകൾ വാങ്ങാനുള്ള ശ്രമങ്ങൾ ആമസോൺ ഈ വർഷം ഫെബ്രുവരി മുതൽക്ക് തന്നെ ആരംഭിച്ചിരുന്നു. ഈ ഉടമ്പടിയിലൂടെ രണ്ട് വമ്പന്മാരും ഒന്നിക്കുകയാണെങ്കിൽ ഇരുവർക്കും നിരവധി നേട്ടങ്ങളുണ്ട്.
ടെലികോം രംഗത്തുള്ള റിലയൻസിന്റെ പരിചയവും അനുഭവവും തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനായി ആമസോണിന്റെ സഹായിക്കും. അതുപോലെതന്നെ ലോകം മുഴുവൻ പടർന്നു കിടക്കുന്ന ആമസോണിന്റെ ബിസിനസ് ശൃംഖലയും, അവരോടൊപ്പമുള്ള വിതരണക്കാരുടെ ബാഹുല്യവും റിലയൻസിനെയും സഹായിക്കും. മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയ രംഗവുമായി നല്ല ബന്ധംമുള്ള റിലയൻസിനെ കൂടെ കൂട്ടുന്നത് ഇന്ത്യയിലുള്ള ആമസോണിന്റെ ബിസിനസ് പ്രതീക്ഷകൾക്ക് സഹായകമാകുകയും ചെയ്യും. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ആമസോൺ ഉടമ ജെഫ് ബെസോസ്. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ റിലയൻസ് ഉടമ മുകേഷ് അംബാനിയാണ്.