amit-sha-
AMIT SHA

ന്യൂഡൽഹി : ജമ്മു കാശ്‌മീരിൽ വൻ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കാശ്‌മീർ സ്ഥിതിയാണ് ചർച്ച ചെയ്‌തതെന്ന് സൂചനയുണ്ട്. ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, 'റോ' മേധാവി സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും പങ്കെടുത്തു.

ഈ മാസം 9ന് പാർലമെന്റ് സമ്മേളനം തീർന്ന ശേഷം അമിത് ഷാ ജമ്മു കാശ്‌മീർ സന്ദർശിക്കുമെന്ന് സൂചനയുണ്ട്. ജമ്മുകാശ്‌മീരിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ബിൽ ഇന്ന് അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കാശ്‌മീരിലെ കേരൻ സെക്ടറിൽ ഇന്ത്യൻ സൈനികരെ ഉന്നമിട്ട് നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ ഗറില്ലാ സേനയായ ബോർഡർ ആക്‌ഷൻ ടീമിലെ (ബാറ്റ് ) ഏഴ് പേരെ ഇന്ത്യൻ സേന വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. വെളുത്ത പതാകയുമായി വന്ന് മൃതദേഹങ്ങൾ‍ തിരികെ കൊണ്ടുപോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ജൂലൈ 29നും 31നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക് ഭീകരർ ശ്രമിച്ചിരുന്നു. നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്കു കടന്നതായാണ് റിപ്പോർട്ട്. പുൽവാമ മാതൃകയിലുള്ള ഭീകരാക്രമണങ്ങളാണ് ഇവരുടെ പദ്ധതി.

കഴിഞ്ഞയാവ്ച 38,000 സൈനികരെയാണ് ജമ്മുകാശ്‌മീരിൽ അധികമായി വിന്യസിച്ചത്. അതിന് പിന്നാലെ ഭീകരാക്രമണ മുന്നറിയിപ്പോടെ അമർനാഥ് തീർത്ഥാടനം നിറുത്തിവയ്‌ക്കുകയും തീർത്ഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിട്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഭീകരപ്രവർത്തനം രൂക്ഷമായിരുന്ന 1990കളിൽ പോലും സംസ്ഥാനം വിട്ടുപോകാൻ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണത്തെ മുന്നറിയിപ്പോടെ സഞ്ചാരികൾ കൂട്ടപ്പലായനം തുടങ്ങിയിരുന്നു. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അടക്കമുള്ള ജമ്മുകാശ്‌മീർ രഞ്ജി ക്രിക്കറ്റ് ടീമിനോടും പരിശീലനം മതിയാക്കി ജമ്മുവിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടു. അതേസമയം,​ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സൈനിക സേവനത്തിന്റെ ഭാഗമായി ടെറിട്ടോറിയൽ ആർമിക്കൊപ്പം അതിർത്തിയിൽ ഉണ്ട്.

ബാറ്റ് കഴുകന്മാർ

അതിർത്തി കടന്ന് ഇന്ത്യയിൽ ഗറില്ല ആക്രമണങ്ങൾ നടത്തുന്ന പാക് ടീമാണ് ബോർഡർ ആക്‌ഷൻ ടീം ( ബാറ്റ് )

കൊടും ക്രൂരതയുടെ പര്യായമായ ഇവർ പല തവണ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്‌തിട്ടുണ്ട്.

പാക് സൈന്യത്തിന്റെ സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പ് അംഗങ്ങളും കൊടും ഭീകരരുമാണ് ടീമിലുള്ളത്.

എട്ട് മാസം പാക് കരസേനയും നാലാഴ്‌ച പാക് വ്യോമ സേനയും ഇവർക്ക് പരിശീലനം നൽകും.

പിടിക്കപ്പെട്ടാൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാണ് ഭീകരരെ ടീമിൽ ഉൾപ്പെടുത്തുന്നത്.

ബാറ്റ് ക്രൂരത

1999:

കാർഗിൽ യുദ്ധത്തിനിടെ ബാറ്റ് പിടികൂടിയ ക്യാപ്ടൻ സൗരഭ് കാലിയ ഉൾപ്പെടെ ആറ് ഇന്ത്യൻ ഭടന്മാരെ 22ദിവസം ബന്ദികളാക്കി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മൃതദേഹങ്ങൾ കുത്തിക്കീറി വികൃതമാക്കി. ദിവസങ്ങൾക്ക് ശേഷം ഇന്ത്യയ്‌ക്ക് കൈമാറി

2000:

നൗഷേര സെക്‌ടറിലെ അശോക് ലിസണിംഗ് പോസ്റ്റിൽ ഭീകരൻ ഇല്യാസ് കാശ്മീരി നടത്തിയ ആക്രമണത്തിൽ ഏഴ് ഇന്ത്യൻ ഭടന്മാരെ ക്രൂരമായി വധിച്ചു

2008:

ഗൂർഖാ റൈഫിൾസ് ഭടന്റെ തലവെട്ടി കൊന്നു

2013:

ലാൻസ് നായിക് ഹേമരാജിന്റെ തലയറുത്തു.

2016:

നിയന്ത്രണ രേഖയിലെ മാച്ചിൽ സെക്‌ടറിൽ ഇന്ത്യൻ ഭടനെ കൊന്ന് മൃതദേഹം വികൃതമാക്കി