medical-waste-

കണ്ണൂർ: ഈ ചിത്രത്തിൽ കാണുന്നതൊരു മാലിന്യക്കൂനയാണ്. വെറും പാഴ്കുപ്പികളല്ലിവ. ഉപേക്ഷിക്കപ്പെട്ട മരുന്നുകൾ നിറഞ്ഞ ബയോ-മെഡിക്കൽ മാലിന്യമല. എൻഡോസൾഫാൻ ദുരിതം പേറുന്ന കാസർകോട് ജില്ലയിലെ ഒരു പ്രദേശത്തെ ജനങ്ങളെ മാറാരോഗികളാക്കാൻ ഈ മരുന്നുമാലിന്യം ഇടയാക്കുമെന്ന്‌ വിദഗ്ധർ പറയുന്നു. എന്നിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.

നീലേശ്വരത്തിന് സമീപം കാഞ്ഞിരപൊയിലിലാണ് 'ബെസ്കോട്ട്' മരുന്ന് നിർമ്മാണ കമ്പനിയുടെ ഉപയോഗശൂന്യമായ ലക്ഷക്കണക്കിന് മരുന്നുകൾ തള്ളിയിരിക്കുന്നത്. ഉയർന്ന താപനിലയിൽ പ്രത്യേകം തയ്യാറാക്കിയ സംസ്കരണശാലകളിലാണ് ഇത്തരം ബയോ മെഡിക്കൽ മാലിന്യങ്ങൾ നശിപ്പിക്കേണ്ടത്. എന്നാലിവിടെ, ബെസ്കോട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരപൊയിലിലെ പത്തേക്കർ സ്ഥലത്തെ തുറസായ ടാങ്കിലാണ് കാലപഴക്കം ചെന്ന മരുന്ന് തള്ളുന്നത്. 10 മീറ്ററോളം നീളവും ആറു മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള തുറസായ ടാങ്കിൽ ദ്രാവകാവസ്ഥയിലുള്ള മരുന്നിന്റെ കുപ്പികളടക്കം തള്ളി. ഇതു പലതും പൊട്ടി മരുന്നുകൾ പുറത്തായി. മഴവെള്ളം നിറഞ്ഞതോടെ ടാങ്ക് ലീക്കായി ഇവ പുറത്തേക്ക് വരുന്നുണ്ട്. പലവിധ രോഗങ്ങൾക്കുള്ള മരുന്നുകളിലെ രാസവസ്തു മണ്ണിൽ കലർന്ന് ജനങ്ങളിൽ മാരക രോഗങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് കമ്പനി രണ്ടുവർഷം മുമ്പ് ഉത്പാദനം നിറുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ടിപ്പർ ലോറിയിൽ വീണ്ടും കുപ്പികൾ തള്ളാനെത്തിയെങ്കിലും ജനങ്ങൾ തടഞ്ഞു.

വാഴകൃഷിയുടെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് ഫ്യൂരിഡാൻ അടക്കമുള്ള വിഷം ഉപയോഗിച്ചതിന്റെ ഭാഗമായി പഞ്ചായത്തിൽ കാൻസർ രോഗികളുടെ എണ്ണം കൂടുതലാണ്.

 മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പൊട്ടക്കിണറ്റിൽ മരുന്ന് തള്ളിയിരുന്നു. വൻ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് നീക്കി.
- കൃഷ്ണൻ പ്രദേശവാസി.

 ബെസ്കോട്ട്

1973ലാണ് ആലുവ,​ തിരുവനന്തപുരം സ്വദേശികൾ ബെസ്കോട്ട് കമ്പനി തുടങ്ങിയത്. പ്രദേശവാസികൾക്ക് തന്നെ തൊഴിൽ നൽകിയതിനാൽ ജനങ്ങൾക്കും കമ്പനിയോട് ആത്മബന്ധമുണ്ടായിരുന്നു. ഗോവയായിരുന്നു പ്രധാന വിപണി. കുത്തക കമ്പനികളുടെ വരവ് ബെസ്കോട്ടിനെ നഷ്ടത്തിലാക്കി. തുടർന്ന് രണ്ടുവർഷം മുമ്പ് ഉത്പാദനം നിറുത്തി.

''ഉയർന്ന താപനിലയിലാണ് ഇത്തരം ബയോ മെഡിക്കൽ മാലിന്യങ്ങൾ നശിപ്പിക്കേണ്ടത്. കഞ്ചിക്കോടും മംഗലാപുരത്തുമൊക്കെ ഇതിനു സൗകര്യമുണ്ട്. മാരക രോഗങ്ങൾക്കും മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിനും കാരണമായേക്കാം.''

-രവി എസ്. മേനോൻ (ഡ്രഗ് കൺട്രോളർ)​