തിരുവനന്തപുരം: മദ്യ ലഹരിയിൽ മാദ്ധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സ്വകാര്യ ആശുപത്രിയിലെ സുഖവാസം അവസാനിപ്പിക്കുന്നു. ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി പൊലീസിന്റെ ഭാഗത്ത് നിന്നു ആരംഭിച്ചു. മാദ്ധ്യമ ഇടപെടലിനെ തുടർന്ന് സർക്കാർ കിംസ് ആശുപത്രിക്ക് കത്ത് നൽകി. നിലവിൽ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ സ്യൂട്ട് റൂമിൽ കഴിയുന്ന ശ്രീറാമിന്റെ ഡിസ്ചാർജ് നടപടികൾ തുടങ്ങി. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ പരിക്ക് ഗുരുതരമാണെന്ന രീതിയിലുള്ള റിപ്പോർട്ടൊന്നും ഇതുവരെ ആശുപത്രിയിൽ നിന്നും പുറത്തുവന്നിട്ടില്ല.
ശീതീകരിച്ച മുന്തിയ മുറിയിൽ ടിവികാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്നതിന്റെ തെളിവുകളും മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അതേസമയം, ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ വൈകുകയാണ്